എന്‍.ശക്തന് തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല

എല്‍ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്

author-image
Biju
New Update
SAKTHAN

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തന് ചുമതല നല്‍കിയത്. മുന്‍ സ്പീക്കറും കാട്ടാക്കട മുന്‍ എംഎല്‍എയുമാണ് ശക്തന്‍.

എല്‍ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് രവി ഒഴിഞ്ഞത്. 

3 മാസം മുന്‍പ്, വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീല്‍ ഒരു പരിപാടിക്കായി വിളിച്ചപ്പോള്‍ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പു രൂപേണയാണു പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമര്‍ശങ്ങള്‍ കടുത്തതാണെന്നു പാര്‍ട്ടി വിലയിരുത്തി. സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു കെപിസിസി പുറത്താക്കി.

കാഞ്ഞിരംകുളം മരപ്പാലത്താണ് ശക്തന്റെ ജനനം. യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമബിരുദധാരിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1982ല്‍ കോവളം മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. 2001, 2006 കാലഘട്ടത്തില്‍ നേമം മണ്ഡലത്തില്‍നിന്നും 2011ല്‍ കാട്ടാക്കട മണ്ഡലത്തില്‍നിന്നും നിയമസഭാംഗമായി. 20042006 കാലഘട്ടത്തില്‍ ഗതാഗതമന്ത്രിയായിരുന്നു.

N Sakthan