തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് ഇനി മുതൽ 16 കോച്ച്; 530 സീറ്റ് അധികം

നാഗർകോവിൽ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈയാഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക.

author-image
Anitha
New Update
sihfhrns;a

തിരുവനന്തപുരം : തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. ഇപ്പോൾ 8 കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്. ആലപ്പുഴ വഴിയുള്ള സർവീസാണിത്.

നാഗർകോവിൽ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈയാഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക. യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. 8 കോച്ചുകൾ കൂടി വരുന്നതോടെ 530 സീറ്റുകൾ അധികമായി ലഭിക്കും.

മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്കട്രെയിൻ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണു സർവീസ് നടത്തുന്നത്. കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി കഴിഞ്ഞയിടെ കൂട്ടിയിരുന്നു. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നാണ് ആവശ്യം. 16 കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് ലാഭകരമാണെങ്കിൽ 20 കോച്ചുകളുള്ള ട്രെയിൻ പിന്നീട് മംഗളൂരു റൂട്ടിൽ അനുവദിക്കും. 16 കോച്ചുകളുമായുള്ള വന്ദേഭാരത് സർവീസ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.

train vande bharat express