തലസ്ഥാനത്ത് മെട്രോ വരുന്നു; ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകള്‍

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു.

author-image
Biju
New Update
metro

തിരുവനന്തപുരം: മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി.  ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. 

പാപ്പനംകോട്‌നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍. 

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം  ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

മെട്രോ സ്റ്റേഷനുകള്‍

പാപ്പനംകോട്, കൈമനം, കരമന, കിള്ളിപ്പാലം ജംക്ഷന്‍, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, പൊങ്ങുമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാര്‍ക്ക് ഫെയ്സ് 1 (ഇന്‍ര്‍ചെയ്ഞ്ച് സ്റ്റേഷന്‍), ടെക്നോപാര്‍ക്ക് ഫെയ്സ് 3, കുളത്തൂര്‍, ടെക്നോപാര്‍ക്ക് ഫെയ്സ് 2 (ഇന്‍ര്‍ചെയ്ഞ്ച് സ്റ്റേഷന്‍), ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, എയര്‍പോര്‍ട്ട്, ഈഞ്ചക്കല്‍ (ടെര്‍മിനല്‍ സ്റ്റേഷന്‍) എന്നിവയാണ് 27 സ്റ്റേഷനുകള്‍.

രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) മാതൃകയില്‍ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ റെയില്‍ നടപ്പാക്കാന്‍ കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍ടിഎല്‍) രൂപീകരിച്ചത്. 2014ല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ആദ്യ ഡിപിആര്‍ കൈമാറി. പിന്നെയും പദ്ധതി വൈകിയതോടെ വീണ്ടും ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. 

2021ല്‍ പുതിയ ഡിപിആറും ഡിഎംആര്‍സി നല്‍കി. 2022ല്‍ സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങള്‍ വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കെആര്‍ടിഎല്‍ പിരിച്ചുവിട്ടു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ചുമതല കെഎംആര്‍എലിനു കൈമാറി. 2023ല്‍ തിരുവനന്തപുരത്ത് മെട്രോ ആവശ്യമുണ്ടോയെന്നറിയാന്‍ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയാറാക്കി. 2024ല്‍ സിഎംപിയുടെ അടിസ്ഥാനത്തില്‍ പുതിയ റൂട്ടുകള്‍ നിര്‍ദേശിച്ചെങ്കിലും അലൈന്‍മെന്റ് മാറ്റാന്‍ വീണ്ടും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.