ഭാഗ്യവാനോ, ഭാഗ്യവതിയോ; 25 കോടിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.

author-image
Biju
New Update
bumper

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നിര്‍വഹിക്കും. കഴിഞ്ഞ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ  75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി ലഭിക്കും.

പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും. പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉണ്ട്.

kerala lottery