/kalakaumudi/media/media_files/2026/01/22/whatsapp-2026-01-22-18-06-42.jpeg)
കൊച്ചി : കാനഡയിൽ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലായ മലയാളി വിദ്യാർത്ഥിക്ക് കൊച്ചിയിലെ സൺറൈസ് ആശുപത്രിയിൽ നടത്തിയ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ.
ഒൻറാറിയോയിലെ ബാരിയിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കോളേജിലെ മൂന്നാംവർഷ മെക്കാട്രോണിക്സ് വിദ്യാർത്ഥിയായ അനന്ത് കൃഷ്ണ ഹരീഷിന് (20) കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കാനഡയിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനകളിൽ, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മൾട്ടി ലോക്കുലേറ്റഡ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ കണ്ടെത്തി.കാനഡയിൽ വെച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്നാൽ ക്ഷയരോഗസാധ്യത സംശയിച്ച ഡോക്ടർമാർ മുൻകരുതൽ നടപടിയായി അനന്തിനെ ഐസൊലേഷൻ റൂമിലാക്കി. ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയിൽ അനന്തിന് നാല്പത് ദിവസത്തോളം ഐസൊലേഷനിൽ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതൽ രൂക്ഷമായി.മരുന്നുകളും നെഞ്ചിൽ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നൽകിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. നവംബർ 18-ന് കൊച്ചിയിലെത്തിയ അനന്തിനെ സൺറൈസ് ആശുപത്രിയിലെ തോറാസിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാർഡിയോ–തോറാസിക് സർജൻ ഡോ. നാസർ യൂസഫിന്റെനേതൃത്വത്തിൽനടത്തിയപരിശോധനയിൽ ശ്വാസകോശത്തിനുള്ളിലെ അണുബാധ പഴകി പഴുപ്പിന് കട്ടികൂടി വിവിധ പാളികളായി കെട്ടിക്കിടന്ന് മൾട്ടി ലോക്കുലേറ്റഡ് എംപൈമ എന്ന ഗുരുതര അവസ്ഥയിലേക്ക് രോഗം പുരോഗമിച്ചതായി കണ്ടെത്തി. ഇത് കാരണം നെഞ്ച് ഭാഗം ചുരുങ്ങി ഇടത് ശ്വാസകോശം വികസിക്കാൻ കഴിയാത്ത ട്രാപ്പ്ഡ് ലങ്ങ് അവസ്ഥയിലായിരുന്നു. തുടർന്ന് ഡോ. നാസർ യൂസഫിന്റെനേതൃത്വത്തിൽ ഒൻപത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയുവാവിന് പുതുജീവൻ നൽകി. പ്ല്യൂറെക്ടമി, ഡീകോർട്ടിക്കേഷൻ എന്നിവ ഉൾപ്പെടുന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തിന്റെ ഉപരിതലത്തിൽ ഉണ്ടായ എയർ ലീക്കുകളും പരിഹരിച്ചുവെന്ന് ഡോ. നാസർ യൂസഫ് പറഞ്ഞു.സൺറൈസ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ.നീതു തമ്പി , പൾമണോളജിസ്റ്റ്; ഡോ നാസർ യൂസഫ് , മിനിമലി ഇൻവേസീവ് തൊറാസിക് സർജൻ ;ഡോ ശോഭ. പി മെഡിക്കൽ സൂപ്രണ്ട്; വിദ്യാത്ഥി അനന്ത് കൃഷ്ണൻ ; മാതപിതാക്കളായ ഡോ.പൂർണ്ണിമ ടി.എ ഹരീഷ് ബി എന്നിവർ പത്ര സമ്മേളനത്തിൽ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
