/kalakaumudi/media/media_files/2026/01/12/rahuuuuuuuuuuuuuuuuuuuuuuuuu-2026-01-12-11-39-50.jpg)
പാലക്കാട്: പരാതി നൽകിയതിന് അതിജീവിതയായ യുവതിക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അയച്ച ഭീഷണി സന്ദേശം പുറത്ത്.
പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട, തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേനാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി സന്ദേശം.
'നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷെ നീ താങ്ങില്ല, നാട്ടിൽ വന്നാൽ കുറെയാളുകളുമായി നിന്റെ വീട്ടിൽ വരും'- എന്നതടക്കം യുവതിയെ ഭീഷണിപ്പെടുത്തുന്നതടക്കമുളള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
'എല്ലാത്തിന്റെയും എക്‌സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു.
എല്ലാം തീർന്ന് നിൽക്കുകയാണ്. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. കേസ് കോടതിയിൽ വരുമ്പോഴുള്ള അവസ്ഥ അറിയാമല്ലോ.
അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. നീ പ്രസ് മീറ്റ് നടത്തൂ' രാഹുലിന്റെ ചാറ്റുകളിൽ പറയുന്നു.നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പർ കിട്ടിയതെന്നാണ് 31-കാരിയായ അതിജീവിത പൊലീസിൽ നൽകിയ മൊഴി, നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പർ നൽകിയത്.
അത് വെറുതേ ഫോണിൽ സേവുചെയ്തെങ്കിലും വിളിച്ചില്ല. 2019 മുതൽ കാനഡയിലാണ് ജോലിയും താമസവും.
നാട്ടിലുള്ള പപ്പയ്ക്ക് മൊബൈൽഫോൺ ഓർഡർ ചെയ്യുന്നതിനായി 2023 സെപ്റ്റംബറിൽ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്സാപ്പുവഴി കൊറിയർ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു.
എന്നാൽ, സന്ദേശം മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസ്സിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു.
എന്നാൽ പിറ്റേദിവസംമുതൽ ഹായ്, ഹലോ എന്നിങ്ങനെ മെസേജ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പരിൽനിന്ന് വന്നുതുടങ്ങി.
ക്രമേണ പരസ്പരം സംസാരിക്കാൻ തുടങ്ങി.
കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു.
വർഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.
വിവാഹിതയാണെന്ന് രാഹുലിനോട് പറഞ്ഞിരുന്നു.
ഭർത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോൾ ദാമ്പത്യത്തിൽ ചില പൊരുത്തക്കേടുള്ളതായി പറഞ്ഞു.
അതിൽപ്പിന്നെ വിവാഹംകഴിക്കാൻ താത്പര്യമുണ്ടെന്നും ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിർബന്ധിച്ചു.
തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും പക്ഷേ, തിരക്കുകാരണം അവർക്കുവേണ്ടി സമയംചെലവഴിക്കാൻ സമയംകിട്ടില്ലെന്നും അവർക്ക് നല്ലൊരു അമ്മയെവേണമെന്നും രാഹുൽ പറഞ്ഞതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
താൻ നല്ലൊരു പാർട്ണർ ആയില്ലെങ്കിലും നല്ലൊരു ഫാദർ ആയിരിക്കുമെന്നും പറഞ്ഞു. രാഹുലിന് ഈ ബന്ധം ടൈം പാസാണോയെന്ന് ചോദിച്ചപ്പോൾ നാട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്നായിരുന്നു മറുപടിയെന്നും മൊഴിയിലുണ്ട്.
തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗം, സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയക്ക് യുവതി നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടി ആവശ്യപ്പെടുക. നിലവിൽ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർപ്പിച്ചിട്ടുള്ളത്.
യുവതിയെ പീഡിപ്പിച്ച ഹോട്ടലിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കൂടാതെ പീഡിപ്പിച്ച വേളയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി കോടതിയെ അറിയിക്കും.
രാഹുൽ കേസിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഹോട്ടൽ റിസപ്ഷനിൽ ജീവനക്കാർ അടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു.
മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
