വിദേശജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനംനൽകി നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനനടത്തിപ്പുകാരിയും നിയമോപദേശകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.

author-image
Shyam Kopparambil
New Update
Screenshot 2025-08-14 104013

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനംനൽകി നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനനടത്തിപ്പുകാരിയും നിയമോപദേശകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ആലുവ ബാങ്ക് കവലയിൽ റോയൽപ്ലാസയിൽ പ്രവർത്തിച്ചിരുന്ന മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ് പാർട്ണർ ആലുവ ദേശം പി.വി.എസ് ഫ്ളാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി നിഷ വിജീഷ് (38), തട്ടിപ്പിനിരയായവർ നൽകിയ പരാതിയെത്തുടർന്ന് സ്ഥാപനത്തിൽനിന്ന് കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള രേഖകൾ നീക്കാൻ ഉപദേശിച്ച അഭിഭാഷകൻ പാലാ ഭരണങ്ങാനം വേലൻകുന്നേൽ ടോജി തോമസ് (39), ഇവ ഒളിപ്പിക്കാൻ സഹായിച്ച പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെങ്ങോല ഐനിപ്പറമ്പിൽ സാൻവർ (41) എന്നിവരാണ് അറസ്റ്റിലായത്.

റോയൽപ്ളാസയിൽ പ്രവർത്തിക്കുന്ന എട്ട് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ വ്യാപക പരാതിയെത്തുടർന്ന് തിങ്കളാഴ്ച പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മൈഗ്രിറ്റ് ഉൾപ്പെടെ മൂന്നുസ്ഥാപനങ്ങൾ പൂട്ടി സീൽചെയ്യുകയും അഞ്ചിടത്ത് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു അറസ്റ്റ്. നിഷയുടെ ഭർത്താവിനെയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിനിരയായവർ പ്രതിഷേധവുമായെത്തിയതോടെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.

Crime