റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങി മൂന്ന് മലയാളികൾ; മനുഷ്യക്കടത്തെന്ന് ആരോപണം

അഞ്ചുതെങ്ങ്  സ്വദേശികളായ പ്രിൻസ് (24) റ്റിനു (25), വിനീത് (24) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്.തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്

author-image
Greeshma Rakesh
New Update
russia ukraine war

പ്രിൻസ് (24) റ്റിനു (25), വിനീത് (24)

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡൽഹി: റഷ്യൻ യുദ്ധമുഖത്ത് മൂന്ന് മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ്  സ്വദേശികളായ പ്രിൻസ് (24) റ്റിനു (25), വിനീത് (24) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്.സഹോദരങ്ങളാണ് മൂവരും. ഇതിൽ ഒരാൾക്ക് വെടിയേറ്റതായും വിവരമുണ്ട്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മനുഷ്യക്കടത്ത് എന്നാണ് ബന്ധുക്കളുടെ ആരോപണം. മികച്ച ശമ്പളവും ജോലിയും വാ​ഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവർ ആദ്യത്തെ ഒരാഴ്ച വീട്ടിലേക്ക് ഫോൺ വിളിക്കുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.

എന്നാൽ പിന്നീട്  ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്ത ശേഷം 15 ദിവസത്തോളം സൈനിക പരിശീലനം നൽകിയതായും ബന്ധുക്കൾ പറയുന്നു.ട്രെയിനിം​ഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു. ഇതിനിടെയാണ് യുദ്ധം നടന്ന സ്ഥലത്ത് വച്ച് പ്രിൻസിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതോടെ മൂന്ന് പേർ തമ്മിലും ആശയവിനിമയം നടത്താൻ കഴിയാതെയായി. തുടർന്ന് ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായതോടെയാണ് പ്രിൻസ് വീട്ടിലേക്ക് ബന്ധപ്പെട്ടതും സംഭവവികാസങ്ങൾ ബന്ധുക്കളെ അറിയിച്ചതും.തൊഴിൽ വാഗ്ദാനം ചെയ്‌ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഏജന്റുമാർ നിർബന്ധപൂർവ്വം പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധം നടക്കുന്ന ഇടങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതായി ബന്ധുക്കൾ പറയുന്നു.

റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികളാണ് അടച്ചുപൂട്ടിയത്. റഷ്യൻ സർക്കാരിന് കീഴിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനൽകി. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇവർ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്.

 

kerala human trafficking russia ukraine war