/kalakaumudi/media/media_files/2025/10/13/whatsapp-im-2025-10-13-18-07-11.jpeg)
കൊച്ചി : ഇന്ത്യൻ മെട്രോ റെയിൽ ഓർഗനൈസേഷൻ സൊസൈറ്റി (ഐ മെട്രേ)യുടെ രണ്ടാമത്തെ ഓപ്പറേഷൻസ് വർക്കിംഗ് യോഗം കൊച്ചിയിൽ ആരംഭിച്ചു. രാജ്യത്തിന്റെ നഗര റെയിൽ അടിസ്ഥാന സൗകര്യ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യോഗം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മെട്രോകൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയ ലോക് നാഥ് ബെഹ്റ ഇന്ന് ലോകം പരസ്പരം ബന്ധിതമായിരിക്കുമ്പോൾ, ഇന്ത്യൻ മെട്രോകൾ തമ്മിലുള്ള സഹകരണം അത്യാവശ്യമാകുന്നു എന്നും കമ്മ്യൂണിക്കേഷൻ, സിഗ്നലിംഗ് സംവിധാനങ്ങളെ ശത്രുസംഘങ്ങളുടെ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ഏകീകൃത തന്ത്രം അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
ഡെൽഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, നാഗ്പൂർ, പൂനെ , നോയ്ഡ, ജയ്പൂർ, മുംബൈ, ഗുജറാത്ത്, യു.പി. മെട്രോ, നാഷണൽ കാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള 20 ഓപ്പറേഷൻസ് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
രാജ്യത്തെ വിവിധ മെട്രോകൾ ഓപ്പറേഷൻസുമായി ബന്ധപ്പെട്ട് നേരിടുന്ന പൊതു വെല്ലുവിളികൾ പരിഹരിക്കുക, മികച്ച പ്രവർത്തന രീതി പങ്കുവെക്കുക, സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഏകീകൃത നയങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്റ്റ്സ്) ഡോ. റാം നവാസ്, ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) മണികണ്ഠൻ എ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ തലോജു സായികൃഷ്ണ, ഡെൽഹി മെട്രോ ജനറൽ മാനേജരും (ഓപ്പറേഷൻസ്) ഐ-മെട്രോ ഗ്രൂപ്പ് ലീഡറുമായ രമൺ ഗോയൽ എന്നിവർ പങ്കെടുത്തു.