/kalakaumudi/media/media_files/Wwexga9RPWFYXIHaTpNj.jpeg)
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക് തിരിക്കും. യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
