ശ്യാം കൊപ്പറമ്പില്‍
തൃക്കാക്കര: ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ വന്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ശ്രമമെന്നു വിവരം. കാസര്‍ഗോഡ് സ്വദേശിനിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. എറണാകുളത്ത് കടവന്ത്ര, മരട്, കളമശ്ശേരി, കാക്കനാട്, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്. ക്ലബ്ബുകള്‍, റിസോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി പാര്‍ട്ടികള്‍ നടത്തുന്നതെന്നാണ് വിവരം.
നിശാപാര്‍ട്ടികള്‍ക്കായി പ്രത്യേക സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അവസാന നിമിഷമാണ് എവിടെ വച്ചാണ് പാര്‍ട്ടി നടക്കുന്നതെന്ന് വിവരം ലഭിക്കുക. അതുകൊണ്ടുതന്നെ പോലീസിനും എക്‌സൈസിനും ലഹരിപ്പാര്‍ട്ടുകളെക്കുറിച്ച് വിവരമുണ്ടെങ്കിലും മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ബാംഗ്ലൂര്‍ ഉള്‍പ്പടെയുള്ള അന്യ സംസ്ഥാനത്ത് നിന്ന് എത്രത്തോളം ലഹരിവസ്തുക്കള്‍ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട് എന്നത് പോലും സുരക്ഷ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരമില്ല.
കേരളത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന പുതുവര്‍ഷാഘോഷം നടക്കുന്ന നഗരമാണ് കൊച്ചി. കഴിഞ്ഞ കുറച്ചു നാളുകളായി കൊച്ചിയിലെ പുതുവര്‍ഷ ആഘോഷങ്ങളെ ലക്ഷ്യമിട്ട് ലഹരി മാഫിയ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.
ഒരു കോടി രൂപയുടെ മയക്കുമരുന്നുകളാണ് കാസര്‍ഗോഡ് സ്വദേശിനിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിച്ചതായാണ് വിവരം. ബെംഗളൂരുവില്‍ നിന്നുമാണ് കൊച്ചിയിലേക്ക് ലഹരി എത്തിച്ചിരിക്കുന്നത്. ട്രെയിന്‍ മാര്‍ഗ്ഗവും ഇന്ത്യന്‍ പോസ്റ്റല്‍ പാഴ്‌സ്ന്‍ സര്‍വീസ് വഴിയുമായാണ് മയക്ക് മരുന്ന് കൊച്ചിയില്‍ എത്തിച്ചതെന്ന സൂചനയുമുണ്ട്.
ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നത് വാട്‌സ്ആപ്പ് വഴിയാണ്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിനിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് യുവാക്കള്‍ക്കിടയില്‍ തരംഗമായത്രേ! ലഹരി ഉപയോഗിക്കുന്ന വീഡിയോക്കൊപ്പം പഴയ സിനിമയുടെ ഡയലോഗും ഉള്‍പ്പെടുത്തിയാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി യുവതി യുവാക്കളുടെ ചെറു സംഘം യുവതിക്കൊപ്പമുണ്ട്. വിശ്വസ്തരെ മാത്രമാണ് ലഹരി പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കുക.
ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനൊരുങ്ങുന്ന കാസര്‍ഗോഡ് സ്വദേശിനി ചില്ലറക്കാരിയല്ലെന്നാണ് വിവരം. മയക്കുമരുന്ന് വില്‍പ്പനക്ക് പുറമെ സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇവര്‍ക്ക് അടുത്ത ബന്ധുമുണ്ടെന്നാണ് വിവരം. യുവതി കാസര്‍ഗോഡ് സ്വദേശിനിയാണെങ്കിലും കൊച്ചിയിലാണ് താമസം.