തൃക്കാക്കര നഗരസഭ: ചെയർമാൻ റാഷിദ് ഉള്ളംപള്ളി, വൈസ്.ചെയർപേഴ്സൺ അഡ്വ.ഷെറീന ഷുക്കൂർ സ്ഥാനാർത്ഥികൾ

ക്കാക്കര നഗരസഭയിലേക്ക് നടക്കാനിരിക്കുന്ന ചെയർമാൻ സ്ഥാനത്തേക്ക് റാഷിദ് ഉള്ളംപള്ളിയും, വൈസ്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ അഡ്വ.ഷെറീന ഷുക്കൂറും മത്സരിക്കും.

author-image
Shyam
New Update
254

കൊച്ചി: തൃക്കാക്കര നഗരസഭയിലേക്ക് നടക്കാനിരിക്കുന്ന ചെയർമാൻ സ്ഥാനത്തേക്ക് റാഷിദ് ഉള്ളംപള്ളിയും, വൈസ്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ അഡ്വ.ഷെറീന ഷുക്കൂറും മത്സരിക്കും. ചെയർമാൻ സ്ഥാനത്തേക്ക് റാഷിദ് ഉള്ളംപള്ളിയെ മത്സരിപ്പിക്കാൻ ഇന്നലെ ഡി.സി.സി തീരുമാനിക്കുകയായിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് മുൻ നഗരസഭ ചെയർമാൻ ഷാജി വാഴക്കാലയുടെ പേരും ഉയർന്നുവന്നെങ്കിലും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ റാഷിദ് ഉള്ളംപള്ളിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. തൃക്കാക്കരയിൽ ഇക്കുറി യു.ഡി.എഫിന് ഭൂരിപക്ഷമുള്ളതിനാൽ അധ്യക്ഷ സ്ഥാനം ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കെടുണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. റാഷിദ് ഉള്ളംപള്ളിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗണ്സിലര്മാര്ക്ക് ഡി.സി.സി വിപ്പ് കൈമാറി.ചെയർമാൻ ആരാവണമെന്ന കാര്യം ചർച്ചചെയ്യാൻ ചൊവ്വാഴ്ച കാക്കനാട് ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ പാർലിമെന്ററി പാർട്ടി യോഗത്തിൽ മുൻ വർഷങ്ങളെ പോലെ വോട്ടെടുപ്പ് ഉണ്ടായിരുന്നില്ല. പാർലിമെന്ററി പാർട്ടി യോഗത്തിനിടെ ഡി.സി.സി ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗങ്ങളായ ഉമാ തോമസ് എം.എൽ.എ, ജോസഫ് വാഴക്കൻ എന്നിവർ ഓരോ കൗണ്സിലർരെയും പ്രത്യേകം വിളിച്ച് അഭിപ്രായം തേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വൈസ്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ അഡ്വ.ഷെറീന ഷുക്കൂറിനെ മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് പുതിയ ചെയർമാനെയും ഉച്ചയ്ക്ക് 2.30ന് വൈസ് ചെയർപേഴ്‌സണെയും തെരഞ്ഞെടുക്കുക.48 അംഗ നഗരസഭയിൽ യു.ഡി.എഫിന് 27 കൗൺസിലർമാരുണ്ട്. കോൺഗ്രസ് 21, മുസ്ലിം ലീഗ് 6 എന്നിങ്ങനെയാണ് കക്ഷി നില.

THRIKKAKARA MUNICIPALITY