/kalakaumudi/media/media_files/2025/01/31/vLazoZkEfrV59tV7svUI.jpeg)
"കസേര "ക്കായി അടി തുടങ്ങി
തൃക്കാക്കര: തൃക്കാക്കര നഗരസഭാ ആരോഗ്യ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ഉണ്ണി കാക്കനാട് രാജിവച്ചു.ഇന്നലെ വൈകിട്ട് നാലേ മുക്കാലോടെ മുസ്ലിം ലീഗ് കൗൺസിലർ പി.എം യൂനുസിനൊപ്പം മുനിസിപ്പൽ സെക്രട്ടറി ടി.കെ സന്തോഷിന്റെ ക്യാബിനിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്.ഡി.സി.സി.യുമായുണ്ടാക്കിയ മുൻ ധാരണ പ്രകാരമാണ് രാജിവച്ചതെന്ന് ഉണ്ണി കാക്കനാട് പറഞ്ഞു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം അവസാനത്തെ ഒരുവർഷം സ്വതന്ത്ര കൗൺസിലർ വർഗ്ഗിസ് പ്ലാശ്ശേരിക്ക് നൽകാൻ നേരത്തെ ധാരണ ഉണ്ടായിരുന്നു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ യു.ഡി.എഫ് 2,എൽ.ഡി.എഫ് 2, സ്വതന്ത്രൻ 2, എന്നിങ്ങനെയാണ് കക്ഷിനില. മുസ്ലിം ലീഗിന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം വേണമെന്ന് ഡി.സി.സി യോട് അവകാശവാദം ഉന്നയിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന നേതാവും,തൃക്കാക്കര നഗരസഭ കൗൺസിലറുമായ എ.എ ഇബ്രാഹിംകുട്ടി പറഞ്ഞു.തൃക്കാക്കര നഗരസഭ ഭരണം നിലനിർത്താൻ മുസ്ലിം ലീഗ് കൈയ്യാളിയിരുന്ന വൈസ്.ചെയർമാൻ സ്ഥാനം സ്വതന്ത്ര അംഗത്തിന് വിട്ടുനൽകിയിരുന്നു.എന്നാൽ പകരം മറ്റൊരു സ്റ്റാന്റിങ് കമ്മിറ്റി മുസ്ലിം ലീഗിന് വേണമെന്ന് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.ഇക്കാര്യത്തിൽ യു.ഡി.എഫ് സമവായം ഉണ്ടാക്കിയില്ലെങ്കിൽ രണ്ടാമത്തെ സ്റ്റാന്റിങ് കമ്മിറ്റിയാവും എൽ.ഡി.എഫിന് ലഭിക്കുക.നേരത്തെ ഡി.സി.സിയുടെ നേതൃത്വത്തിന്റെ അലംഭാവം മൂലം കോൺഗ്രസ് കൈയ്യാളിയിരുന്ന പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു.ഇതിനിടെ ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് സുനീറ ഫിറോസിനോട് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് രാജിവെച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് നേതൃത്വം സുനീറയെ അറിയിച്ചിരുന്നത്.എന്നാൽ എന്നാൽ സുനീറ ഇതുവരെ രാജിവെക്കാൻ തെയ്യാറായിട്ടില്ല.കോൺഗ്രസ് കൗൺസിലർ അഡ്വ.ഹസീന ഉമ്മറിന് ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നൽകാനാണ് ഡി.സി.സിയുടെ തീരുമാനം.