തൃശൂർ: തൃശൂർ എടിഎം കവർച്ചയിലെ പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ.നാമക്കല്ലിൽ നിന്നാണ് അഞ്ചംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടിയത്.ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികൾ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോഗസ്ഥൻ കുത്തേറ്റ് ആശുപത്രിയിലാണ്. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയിൽ നിന്നും പിടികൂടിയിട്ടുണ്ട്.നിലവിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ.തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ചയെന്നാണ് വിവരം. മണ്ണുത്തിക്കടുത്ത് വെച്ചാണ് കാർ കണ്ടെയ്നറിൽ കയറ്റിയതെന്നാണ് പൊലീസിന്റെ നിഗമനം.നാമക്കല്ലിൽ വെച്ച് സംഘം സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കിൽ ഇടിച്ചിരുന്നു. ഇതേച്ചൊല്ലി നാട്ടുകാരുമായി തർക്കമുണ്ടാവുകയും വണ്ടി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാൾ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
പുലർച്ചെ 2.10നാണ് സംഘത്തിന്റെ ആദ്യ കവർച്ച. പിന്നീട് 3.10ന് രണ്ടാം കവർച്ചയും നടത്തി. മൂന്നാമത് കോലാഴിയിലും കവർച്ച നടത്തിയ സംഘം ടോളുകളിലോ സിസിടിവികളിലോ പെടാതെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. കോലാഴിയിൽ എടിഎം കൗണ്ടറിൽ കവർച്ച നടത്തിയ പ്രതികൾ തിരിച്ച് മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്ത് പൊലീസ് അക്കാദമിക്ക് മുൻപിലൂടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. മണ്ണുത്തി ഹൈവേയിലേക്ക് കടന്ന ശേഷം കാർ കണ്ടെയ്നർ ലോറിയിലേക്ക് കയറ്റുകയുമായിരുന്നു.
മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.