thrissur election defeat posters supporting congress leader k muraleedharan in kannur
കണ്ണൂർ: തിരുവനന്തപുരത്തിനും കോഴിക്കോടിനും പുറമേ കണ്ണൂരിലും കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ.തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് സമീപത്താണ് ബോർഡ് സ്ഥാപിച്ചുിരിക്കുന്നത്. 'കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ' എന്ന പേരിലാണ് ബോർഡ്. 'നയിക്കാൻ നായകൻ വരട്ടെ, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിൻറെ പേരിലാണ് നിങ്ങൾ പോരാട്ടത്തിൽ വെട്ടേറ്റ് വീണതെന്നും ബോർഡിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് കെ മുരളീധരനെ അനുകൂലിച്ച് പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നത്. കോഴിക്കോടും ഇന്നലെ പോസ്റ്ററുകൾ പതിച്ചിരുന്നു. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്നപേരിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലക്സിൽ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിരുന്നത്. മുരളീധരനൊപ്പം കടുവയുടെ ചിത്രവും വച്ചിട്ടുണ്ട്.
മുരളീധരനെ പിന്തുണച്ച് നേരത്തെ തിരുവനന്തപുരത്തും കൊല്ലത്തും ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് കൊല്ലം ചിന്നക്കടയിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെഎം നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്, ധീരനായ പോരാളിക്ക് അഭിവാദ്യങ്ങൾ’ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിൻറെ പ്രതീകമാണ് മുരളി എന്നും പോസ്റ്ററിൽ പറയുന്നു.