thrissur mayor and suresh gopi compliment each other
തൃശ്ശൂർ: പരസ്പരം പ്രശംസിച്ച് തൃശൂർ മേയർ എം കെ വർഗീസും എംപി സുരേഷ് ഗോപിയും. ജനങ്ങൾക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മേയർക്ക് എതിരുനിൽക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനം വളരെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയെ കാണുന്നതെന്ന് മേയർ എം കെ വർഗീസും പ്രശംസിച്ചു.
'അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂർണ്ണമായും വേറെയാണ്. അതിനെ ഞാൻ ബഹുമാനിക്കുന്നുമുണ്ട്. അതിൽ നിന്നുകൊണ്ട് ഒട്ടുമേ ഇഷ്ടമല്ലാത്ത എന്റെ രാഷ്ട്രീയം തിരഞ്ഞെടുത്ത ജനങ്ങളുടെ സൗഖ്യത്തിലേക്ക് ന്യായമായ കാര്യങ്ങൾ ചെയ്തുകൊടുത്ത മേയറെ ആദരിക്കാനും സ്‌നേഹിക്കാനുമേ എനിക്ക് കഴിയൂ. അത് ഞാൻ ചെയ്യും. ആരും എതിര് നിൽക്കേണ്ട. എതിര് നിൽക്കുന്നവരെ നിങ്ങൾക്ക് അറിയാം. അവരെ നിങ്ങൾ കൈകാര്യം ചെയ്യാൽ മതി' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'വലിയ പ്രതീക്ഷയോടെയാണ് ജനം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയായ ശേഷം വലിയ പദ്ധതികൾ കൊണ്ടുവരണമെന്നാണ് അഭ്യർത്ഥിക്കുന്നത്. വലിയ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.' എം കെ വർഗീസ് പറഞ്ഞു.കോൺഗ്രസിൽ നിന്നും രാജിവെച്ച എം കെ വർഗീസ് സിപിഐഎം പിന്തുണയോടെയാണ് കോർപ്പറേഷൻ ഭരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു. സുരേഷ് ഗോപി തൃശൂർ എംപിയാവാൽ ഫിറ്റായ ആളെന്നായിരുന്നു പറഞ്ഞത്.