കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും വ്യവസ്ഥാപിതവുമായി പൂരം നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, വിജു എബ്രഹാം എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍.
പൂരം അലങ്കോലപ്പെട്ടതിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇത്തവണത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് യോഗം ചേര്‍ന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാനദണ്ഡപ്രകാരവും വ്യവസ്ഥാപിതവുമാകണം പൂരം നടത്തിപ്പെന്ന് കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാവാന്‍ പാടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടണം. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണം.
കൃത്യമായി പൊലീസിനെ വിന്യസിക്കുന്നു എന്നത് ഡിജിപി ഉറപ്പുവരുത്തണം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു. പൂരത്തിന് വിഐപി പവലിയന്‍ പാടില്ല എന്നത് ഉള്‍പ്പെടെയുള്ള മുന്‍ ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.