വാർഡുകളിലൂടെ;കുന്നുകുഴിയും ബാര്‍ട്ടണ്‍ ഹില്ലും

സാധാരണക്കാരായ കുന്നുകുഴിക്കാര്‍ വീടില്ലാത്തവര്‍ എന്ന സ്ഥിതിയാണ്. ഒന്നര,രണ്ട്,മൂന്ന് സെന്റുകളുള്ളവരുടെ വീടുകളില്‍ മൂന്നും നാലും കുടുംബങ്ങളാണുള്ളത്

author-image
Devina
New Update
kunnuku

കുന്നുകുഴി വാര്‍ഡിന്റ പ്രധാന പ്രദേശമാണ് ഗുണ്ടുകാട്,ബാര്‍ട്ടണ്‍ ഹില്‍ പ്രദേശങ്ങള്‍. സെക്രട്ടേറിയറ്റ് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ വാള്‍ത്ത്യൂ ക്ലാരന്‍സ് ബാര്‍ട്ടന്റെ പേരിലാണ് ബാര്‍ട്ടണ്‍ ഹില്‍ എന്ന കുന്നിന്‍ പ്രദേശം ഇന്നും അറിയപ്പെടുന്നത്. അവിടെ ഒരു എഞ്ചിനീയറിംഗ് കോളേജും ഗവ. ലോ കോളേജുമാണിന്ന്. ബാര്‍ട്ടണ്‍ ഹില്ലിനടുത്തുള്ള 'ഗുണ്ടുകാട്' പ്രദേശത്തിന് കൗതുകകരമായ മറ്റൊരു ഭൂതകാലമുണ്ട്. 'സമയം അടയാളപ്പെടുത്തുന്നതിന് ഓരോ മണിക്കൂറിലും ഇവിടെ പണ്ട് 'ഗുണ്ട്' എന്ന ബോംബുകള്‍ പൊട്ടിച്ചിരുന്നു. ഗുണ്ടുകാട് എന്ന സ്ഥലപ്പേരുണ്ടായതങ്ങനെയാണ്. എന്നാല്‍ ബാര്‍ട്ടന്റെ കാലമല്ലിത്. ഒട്ടേറെ പ്രശ്‌നങ്ങളുണ്ട് കുന്നുകുഴിക്കാര്‍ക്ക്. 

മാലിന്യം എന്ന കീറാമുട്ടി 
 കുന്നുകുഴി ജംഗ്ഷനിലെ ആര്‍.സി സട്രീറ്റ്(റോമന്‍ കാത്തലിക്),പൂച്ചെടിവിള,ബാര്‍ട്ടണ്‍ ഹില്‍, തേക്കിന്‍മൂട് ബണ്ട് എന്നിവയാണ് നേരത്തേ ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് എ.കെ.ജി സെന്ററിനടുത്തുള്ള വിവേകാനന്ദ നഗര്‍, പട്ടം വാര്‍ഡില്‍ നിന്നടര്‍ത്തി കുന്നുകുഴിയോട് ചേര്‍ത്ത മുളവന തേക്കിന്‍മൂട് നഗറുകളുമുള്‍പ്പെടെ ആറായിട്ടുണ്ട്. എല്ലായിടത്തും ഹരിതകര്‍മ്മ സേന മാലിന്യ ശേഖരണം നടത്തുന്നില്ല. കല വിഹാര്‍,താര(തമ്പുരാന്‍ മുക്ക് 
റസിഡന്‍സ് അസോസിയേഷന്‍),ഗൗരീശ നഗര്‍,ആദര്‍ശ് നഗര്‍ എന്നീ പ്രദേശങ്ങള്‍ വാര്‍ഡിനോട് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്. തമ്പുരാന്‍ മുക്ക് റസിഡന്‍സ് അസോസിയേഷനില്‍പ്പെട്ട വീടുകളില്‍ ഹരിതകര്‍മ്മ സേന മാലിന്യമെടുക്കാനെത്തുന്നില്ല. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ കണ്ണമ്മൂല വാര്‍ഡില്‍ നിന്നുള്ള ഹരിതകര്‍മ്മ സേനയാണ് ഇവിടെ മാലിന്യമെടുക്കുന്നത്. വാര്‍ഡുകളില്‍ നിന്ന് ജൈവ,അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള 300 രൂപയ്ക്ക് പകരം 400,500 രൂപ വരെ വാങ്ങുന്നുവെന്നതാണ് ഉയരുന്ന പരാതി.  

കറണ്ട് ഇല്ലാത്ത അംഗനവാടി, പിഎച്ച്‌സി  
ബാര്‍ട്ടന്‍ ഹില്ലിലുണ്ടായിരുന്ന പ്രഥമികാരോഗ്യ കേന്ദ്രം പൊളിച്ചു കളഞ്ഞ് പകരം പ്രാഥമികാരോഗ്യ കേന്ദത്തിനും അംഗനവാടിയ്ക്കുമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷനുള്ള ഓപ്ഷന്‍ ഇടാതെയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇപ്പോള്‍ കെട്ടിടത്തിന് പുറത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കേണ്ട ഗതികേടാണ്. അതിനുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗം വേണം. ഇത് ഇവിടേക്ക് മുന്‍പ് കൊണ്ടുവരാനിരുന്ന മേയര്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ തടഞ്ഞതു കൊണ്ടുള്ള പകപോക്കലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ എട്ട് മാസമായി നിര്‍മ്മിച്ച് വൈദ്യുതി കണക്ഷനില്ലാതെ വെറുതേ കിടക്കുന്ന അറവ് ശാലയും കറണ്ട് എത്തിച്ച് പ്രവര്‍ത്തന ക്ഷമമാക്കണമെന്നും ആവശ്യമുയരുന്നു.

ഡ്രെയിനേജ് പ്രശ്‌നം 
വീടുകളിലെ കക്കൂസുകളില്‍ നിന്ന് പൊതു ഡ്രെയിനേജ് മാന്‍ഹോളുകളിലേക്ക് കണക്ഷന്‍ നീട്ടിനല്‍കാതെ സമീപത്തെ ഓടകളിലും പട്ടം തോട്ടിലുമായിട്ടാണ് മുന്‍പ് ലൈനുകള്‍ പിടിച്ചു കൊടുത്തിരുന്നത്. തോട്ടില്‍ ഈയടുത്ത് സംരക്ഷണ ഭിത്തി കെട്ടിയതോടെ വീടുകളിലെ കക്കൂസ് മാലിന്യം പോകാനിടമില്ലാതെ നിറയുന്ന സ്ഥിതിയായി. ഇതോടെ കക്കൂസ് നിറയുമ്പോള്‍ കോര്‍പ്പറേഷന്റെ സീവേജ് കളക്ഷന്‍ വണ്ടി വന്ന് മാലിന്യം എടുക്കുകയാണ്. ഇതിന് പരിഹാരം വേണം. 

വീട് എന്ന സ്വപ്നം, ലൈഫ് പദ്ധതി അടിമുടി ഉടച്ചു വാര്‍ക്കണം

സാധാരണക്കാരായ കുന്നുകുഴിക്കാര്‍ വീടില്ലാത്തവര്‍ എന്ന സ്ഥിതിയാണ്. ഒന്നര,രണ്ട്,മൂന്ന് സെന്റുകളുള്ളവരുടെ വീടുകളില്‍ മൂന്നും നാലും കുടുംബങ്ങളാണുള്ളത്. നാലോ,അഞ്ചോ മക്കളുള്ളവരുടെ കുടംബത്തില്‍ വിവാഹ ശേഷവും അവര്‍ കുട്ടികളുമായി അവിടെത്തന്നെ കഴിയുന്ന സ്ഥതിയാണ്. ലൈഫ് പദ്ധതിയില്‍ 52 പേര്‍ ജനറല്‍ ഉള്‍പ്പെടെ അനേകര്‍ അപേക്ഷിച്ച് വീടിന് കാത്തിരിക്കുകയാണ്. അവരോട് എന്ത് സമാധാനം പറയും.? അപേക്ഷിച്ചവരില്‍ വസ്തു സ്വന്തമായിട്ടുള്ളത് ഒരാള്‍ക്ക് മാത്രമാണ്. ലൈഫ് പദ്ധതിയില്‍ വീട് കിട്ടാന്‍ സ്വന്തമായി വസ്തു വേണം. അതിനാല്‍ ബാക്കിയുള്ളവര്‍ പദ്ധതിയില്‍ നിന്നും ഔട്ട്.  ഇതാണ് സ്ഥിതി. നിയമം മാറ്റണം സാര്‍. വീടും വസ്തുവുമില്ലാത്ത എല്ലാവര്‍ക്കും വീട് ലഭ്യമാകത്തക്ക വിധം പദ്ധതി പരിഷ്‌ക്കരിക്കണം. മൊബൈല്‍ ഇല്ലാത്തരുമുണ്ട്. കിടപ്പാടം എല്ലാവര്‍ക്കുമെന്ന സങ്കല്‍പ്പമാണ് ലൈഫ് പദ്ധതിക്കെങ്കില്‍ രജിസ്‌ട്രേഷന്‍ തുറന്നിടണം. എല്ലാവരും അപേക്ഷിക്കട്ടെ. സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം കണ്ടെത്താനും സംവിധാനമുണ്ടാകണം