/kalakaumudi/media/media_files/2026/02/24/airpo-2026-02-24-14-55-09.jpg)
കോർപ്പറേഷനിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാർഡാണ് ചാക്ക. സ്ഥിതി ചെയ്യുന്നു എന്നതാണ്്തലസ്ഥാന ഭൂപടത്തിൽ ചാക്കയുടെ ഏറ്റവും വലിയ പ്രാധാന്യം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ മേഖല സുപ്രധാന റെസിഡൻഷ്യൽ, വാണിജ്യ മേഖല കൂടിയാണ്. ബ്രഹ്‌മോസ്,നാഷണൽ ഹൈവേയുടെ പ്രധാനപ്പെട്ട റീജ്യണൽ ഓഫീസ്,ഐഎസ്ആർഓയിലേക്ക് പോകുന്ന പ്രധാന റോഡ്,എൻഎച്ചിൽ ടച്ച് ചെയ്യുന്ന പ്രധാന സ്ഥലം,വെട്ടുകാട് പള്ളി ആരാധനാലയം ഐടിഐ ചാക്ക, പാർവതി പുത്തനാർ, ബൈപാസ് എന്നിവ ചാക്കയുടെ പ്രധാന ലാന്റ്മാർക്കുകളാണ്.
മുൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറും നിലവിൽ ചാക്ക വാർഡ് കൗൺസിലറുമായ കെ.ശ്രീകുമാർ തന്റെ വാർഡിന്റെ ആശങ്കകളും പ്രതീക്ഷകളും കലാകൗമുദിയോട് പങ്കുവെയ്ക്കുന്നു.
''ചാക്ക വാർഡിന്റെ ഭാവിവികസന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാർവ്വതി പുത്തനാർ ശുചീകരണമാണ്. ജനങ്ങളെ വല്ലാതെ ബാധിക്കുന്ന ഒരു വിഷയമായി അത് ഇപ്പോൾ നിലനിൽക്കുകയാണ്. പരിഹാരം ഉണ്ടായേ മതിയാകൂ. അതു പോലെ നമുക്ക് ഇപ്പോൾ നല്ല റോഡുകളായിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റ പണികളും വികസനങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നം
വേനൽക്കാലമായാലും അല്ലെങ്കിലും കുടിവെള്ള പ്രശ്‌നം ഇപ്പോൾ നഗരത്തിൽ അതി രൂക്ഷമായിട്ടുണ്ട്. നഗരത്തിന്റെ വികസനമനുസരിച്ച് സ്റ്റോറേജ് പ്ലാന്റുകളുണ്ടാകുന്നില്ല. വാഹനം ഇറങ്ങുന്നുണ്ട്,റോഡില്ല എന്നു പറയും പോലെയാണ് സ്ഥിതി. തിരുവനന്തപുരം നഗരത്തിന്റെ വികസനവും ഭാവിയും കണ്ടുകൊണ്ട് വലിയ കാഴ്ചപ്പാടോടു കൂടിയ പ്രവർത്തനങ്ങളാണ് ഗവൺമെന്റ് നടത്തുന്നത്. ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണം ഉണ്ടാകണം. ഓരോ കേന്ദ്രങ്ങൾ എടുത്തു കൊണ്ട് പ്ലാന്റുകൾ സ്ഥാപിച്ച് പോയില്ലെങ്കിൽ ഭാവിയിൽ വല്ലാത്തൊരു അപകടമായിരിക്കും നമ്മുടെ നഗരം നേരിടാൻ പോകുന്നത്. ഞാൻ മേയറായിരുന്നപ്പോൾ സ്മാർട്ട് സിറ്റിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടിയുടെ ഒരു പ്ലാന്റ് അരുവിക്കരയിൽ സ്ഥാപിച്ച് കമ്മിഷൻ ചെയ്തു. അതിന്റെ പ്രവർത്തനം കൂടി ഇല്ലായിരുന്നൈങ്കിൽ, അന്നത്തെ ഭരണ സമിതിക്ക് അങ്ങനെ ഒരു കാഴ്ചപ്പാടും വീക്ഷണവും ഇല്ലായിരുന്നെങ്കിൽ നഗരത്തിലെ കുടിവെള്ള പ്രശ്‌നം കുറേക്കൂടി രൂക്ഷമായേനേ. നഗരം വല്ലാതെ വികസിക്കുകയാണ്. വിഴിഞ്ഞം പോർട്ട്,തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്,ഐഎസ്ആർഒ,ടെക്‌നോപാർക്ക് അടക്കമുള്ള സ്ഥാപനങ്ങളുടെയും അവിടെ പണിയെടുക്കുന്നവരുടെയും ജല ഉപയോഗവുമെല്ലാം കൂടി വരുന്നുണ്ട്. മാത്രമല്ല, തലസ്ഥാന നഗരമെന്ന നിലയ്ക്ക് പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾ വന്നു പോകുകയാണ്. ഹോട്ടലുകളിലും വെള്ളത്തിന്റെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മൾ ഇപ്പോഴും അരുവിക്കര ഡാമിനെ മാത്രം ആശ്രയിക്കുകയാണ്. വെള്ളത്തിന്റെ ഷോർട്ടേജ് വന്നാൽ ടാങ്കറിലെത്തിക്കാനാണെങ്കിലും നമുക്ക് ചെലവും വ്യയവും കൂടുതലുണ്ട്. പിടിപി നഗർ,പൂങ്കുളം ഇവിടെയെല്ലം പ്ലാന്റ് ഉണ്ടായിരുന്നു. അതിന്റെ പ്രവർത്തനം വീണ്ടും കാര്യക്ഷമമാക്കാൻ കഴിയും. പുതിയ പ്രോജക്ടുകളെ സംബന്ധിച്ചു കൂടി വളരെ ഗൗരവത്തിൽ ആലോചിച്ചിക്കേണ്ട സ്ഥിതി ഉണ്ടായില്ലെങ്കിൽ ഭാവി നഗരം കുടിവെള്ളത്തിന്റെ കാര്യത്തിൽ വല്ലാതെ ബുദ്ധിമുട്ടും. ഇപ്പോഴത്തെ സ്ഥിതി വളരെ ഗൗരവമാണ്. വാർഡിന്റെ മാത്രമല്ല,നഗരത്തിന്റെ ആകെയുള്ള സ്ഥിതിയാണ് ഞാൻ സൂചിപ്പിക്കുന്നത്.
മാലിന്യം വിഷയം
ഇക്കാര്യത്തിൽ നമുക്ക് തികച്ചും ഒരു വ്യക്തത വരേണ്ടിയിരിക്കുന്നു. നേരത്തേ നല്ല നിലയ്ക്ക് മാലിന്യ സംസ്‌ക്കരണം നടന്നതാണ്. പേട്ട മാർക്കറ്റിലെ ഉൾപ്പെടെ മാലിന്യം സംസ്‌ക്കരിച്ചിരുന്നത് ചാക്ക എയർപ്പോർട്ടിന് താഴെ സ്ഥാപിച്ചിരുന്ന എയ്‌റോബിക് ബിന്നിലാണ്. ആ എയ്‌റോബിക് ബിന്നിന്റെ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുകയാണ്. സ്വാഭാവികമായി വീടുകളിൽ നിന്ന് മാലിന്യം എടുത്തു തുടങ്ങിയ ഒരു സ്ഥിതിയിലേക്ക് ഇന്ന് കാര്യങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. എങ്കിലും കുറേ ആളുകൾ മാലിന്യം റോഡിലും തോട്ടിലും വലിച്ചെറിയുന്ന സ്ഥിതിയുണ്ട്. മാലിന്യം കളക്ട് ചെയ്യുന്നവരിലും ചിലർ നിയമപരമായി ഏജൻസികളല്ല. അവരും മാലിന്യം വഴിയിൽ തള്ളുന്ന സ്ഥിതിയാണ്.
തെരുവ് നായ വിഷയം
ആളുകളെ ബാധിക്കുന്ന മറ്റൊരു പ്രധാന വിഷയമാണ് തെരുവ് നായ ശല്യം. സുപ്രീം കോടതി വിധി പലതിനും തടസ്സമായി നിൽക്കുന്നു. ഇക്കാര്യം പ്രായോഗികമായി നടപ്പിലാക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാവുന്ന ഒരാൾ കൂടിയാണ് ഞാൻ. ജനങ്ങളെ സംബന്ധിച്ചാണെങ്കിൽ എല്ലാം അവർക്ക് വേണം. പക്ഷേ ഒന്നും ഒരിടത്തും നടപ്പിലാക്കാൻ പാടില്ല. പേട്ടയിലെ അനിമൽ ഹസ്ബന്റ്‌റിയിൽ തെരുവ് നായ്ക്കളുടെ ഒരു എബിസി സെന്റർ ഉണ്ടായിരുന്നു. പൂങ്കുളത്തും ഒരു സെന്റർ ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ മൃഗാശുപത്രികളെ എല്ലാം എബിസി ചെയ്യുന്ന യൂണിറ്റുകളാക്കി മാറ്റിക്കൊണ്ടുള്ള പ്രോജക്ടാണ് അന്നുണ്ടാക്കിയത്. ഇതിന്റെ കൂടെ മൊബൈൽ സർജറി യൂണിറ്റും ഞങ്ങൾ ചെയ്തിരുന്നു. ജനം ഇതിനൊന്നും അനുകൂലമല്ല,സ്ഥലവാസികളുടെ എതിർപ്പ് വരുന്നുണ്ട്. പൂങ്കുളത്തെ സെന്റർ അറ്റകുറ്റപണിക്ക് പൂട്ടിയിട്ടതിന് ശേഷം അത് പിന്നീട് തുറക്കാൻ കഴിഞ്ഞില്ല. ആളുകൾ എതിർക്കുകയാണ്. എതിർപ്പുണ്ടെങ്കിലും ഇപ്പോൾ പേട്ടയിലാണ് ആകെ ഒരെണ്ണം നടക്കുന്നത്. ഇതിന് സ്ഥായിയായ പരിഹാരം കാണണം. ഉത്തരവാദപ്പെട്ടവരിൽ നിന്ന് പറഞ്ഞു കേട്ടത് 450 തെരുവ് നായ്ക്കളെ എബിസി ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നാണ്. തെരുവു നായ്ക്കളുടെ കാര്യത്തിൽ നമുക്ക് ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടും വിലയിരുത്തലും പരിശോധനയും പഠനവും നടത്തേണ്ടിയിരിക്കുന്നു.
10, 15 വർഷത്തിന് മുമ്പ് 25,000 തെരുവ് നായ്ക്കൾ നമ്മുടെ നഗരത്തിലുണ്ടായിരുന്നു. അത് നമ്മൾ കണക്കുകളെടുത്തതാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ ലൈസൻസിംഗ് വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികമായി ശേഷിയില്ലാത്തവർ പോലും വീട്ടിൽ വലിയ വിലപിടിപ്പുള്ള നായ്ക്കളെ വാങ്ങി വളർത്തും. ചെവല് താങ്ങാൻ കഴിയാതെ വരുമ്പോൾ വീട്ടിൽ നിന്ന് പുറത്തേക്ക് തുറന്നു വിടും. അതും നഗരം നേരിടുന്ന പ്രധാന തെരുവ് നായ വിഷയമാണ്. വീടുകളിലെ നായ്ക്കളുടെ എണ്ണം എടുത്തു കൊണ്ട് അതിന്റെ ഒരു എബിസി നടത്തിക്കഴിഞ്ഞാൽ പത്തി രുപത് വർഷം കൊണ്ട് തെരുവ് നായ്ക്കളുടെ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാക്കിയെടുക്കാൻ കഴിയും. പക്ഷേ അത് സിസ്റ്റമേറ്റിക് ആയിട്ട് നടക്കണം. അനിമൽഹസ്ബന്റ്‌റി പ്രവർത്തനം ശക്തമാകണം. ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടാകണം. ആൾക്കാർക്ക് നായ്ക്കളുടെ കടിയേറ്റാൽ വലിയ വാർത്തയാകുന്ന ഒരു സ്ഥിതിയുണ്ട്. അതും പരിഹരിക്കേണ്ട വിഷയമാണ്. ഭരണാധികാരികൾ ഗൗരവമായിട്ടുള്ള ഇടപെടൽ നടത്തണം. വാചകം കൊണ്ട് ഒന്നും തന്നെ തീരുന്ന കാര്യങ്ങളല്ല. വാചക കസർത്ത് ആർക്കുവേണമെങ്കിലും നടത്താം. അതൊന്നും ഒരു പരിഹാരമായി വരുന്നതല്ല എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. പ്രവൃത്തിയിലൂടെ ഇതെല്ലാം മാറ്റാൻ ശ്രമിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഞാൻ. തെരുവ് നായയുടെ കാര്യത്തിലും കുടിവെള്ളത്തിന്റെ കാര്യത്തിലും ഞങ്ങൾ നല്ലൊരു ശ്രമം നടത്തിയതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
