തോട്ടിലും ഓടയിലും മാലിന്യമിടുന്നത് കൊലപാതകതുല്യം: ഹൈക്കോടതി

എല്ലാം പ്രകൃതി പരിഹരിച്ചുകൊള്ളുമെന്നു വിചാരിക്കരുത്. അതിന് ഉദാഹരണമാണ് ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.ഓട വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണം ഏറെ വേദനിപ്പിക്കുന്നു.

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: തോടുകളിലും ഓടകളിലും മാലിന്യം വലിച്ചെറിയുന്നത് കൊലപാതകശ്രമത്തിനു തുല്യമാണെന്ന് ഹൈക്കോടതി. തിരുവനന്തപുരം ആമയിഴഞ്ചാൻ സംഭവം കണ്ണു തുറപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കുള്ള ശിക്ഷ കർശനമാക്കണം. ആളുകളെ കൊല്ലുന്നതുപോലെയുള്ള ഒരു കൃത്യമാണിത്. സ്വന്തം വീട്ടിലെ മാലിന്യം തള്ളാൻ എളുപ്പവഴി തേടുന്നവർ, വെള്ളപ്പൊക്കമുണ്ടായാൽ എല്ലാവരെയും ബാധിക്കുമെന്ന് ഓർക്കണം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൗരന്മാരും ഉത്തരവാദിത്വം കാട്ടേണ്ട കാലം അതിക്രമിച്ചു.

എല്ലാം പ്രകൃതി പരിഹരിച്ചുകൊള്ളുമെന്നു വിചാരിക്കരുത്. അതിന് ഉദാഹരണമാണ് ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.ഓട വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണം ഏറെ വേദനിപ്പിക്കുന്നു. അഴുക്കും വിസർജ്യങ്ങളും ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തകർ മുഖം മറയ്ക്കാതെ ഇറങ്ങേണ്ടിവന്നു. അവർ പ്രശംസനീയമായ ദൗത്യമാണ് നിർവഹിച്ചത്.

തിരുവനന്തപുരം നഗരത്തെ അപേക്ഷിച്ച് കൊച്ചിയിൽ വെള്ളക്കെട്ടും മാലിന്യപ്രശ്നവും കുറഞ്ഞിട്ടുണ്ട്. ആറുവർഷമായി നിരന്തരം ഹൈക്കോടതിയുടെ നിരീക്ഷണമുള്ളതാണ് കാരണം. ഓടകൾ വൃത്തിയാക്കാൻ ആളുകളെ ഉള്ളിലിറക്കുന്ന രീതി കൊച്ചിയിൽ ഇപ്പോഴില്ല. കോർപ്പറേഷൻ യന്ത്രവത്കൃത മാർഗങ്ങൾ അവലംബിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

ernakulam