/kalakaumudi/media/media_files/2025/01/27/e4RjR8BaIf9RsQM35UAz.jpg)
Thulasi Bhaskar
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയിലാണ് താമസം.
1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ്എഡിറ്റര്‍ ട്രെയിനിയായിട്ടാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1989 മുതല്‍ തിരുവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടര്‍ന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവര്‍ത്തിച്ചു. 2008 സെപ്തംബറില്‍ വിരമിച്ചു.
'ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍', സ്‌നേഹിച്ച് മതിയാവാതെ' എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.
എസ്എഫ്‌ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ എഡിറ്ററും സിപിഎം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: മേജര്‍ ദിനേശ് ഭാസ്‌കര്‍ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരന്‍. മരുമക്കള്‍: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.
മൃതദേഹം ഇന്ന് ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ തൈക്കാട് ശാന്തികവാടത്തില്‍.
മുഖ്യമന്ത്രി അനുശോചിച്ചു
തുളസി ഭാസ്‌കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്രവര്‍ത്തനത്തില്‍ എത്തിയ തുളസി ഭാസ്‌കരന്‍ ദേശാഭിമാനിയുടെ ഒരു എഡിഷന്റെ പ്രധാന വാര്‍ത്താ ചുമതലയില്‍ എത്തുന്ന ആദ്യത്തെ വനിതയായിരുന്നു. റിട്ടയര്‍മെന്റിനു ശേഷവും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുളസി ഭാസ്‌കരന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.