എസ്എന്‍ഡിപി എല്‍ഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി

വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകള്‍ വ്യക്തിപരമാണ്. മൂന്നാംപിണറായി സര്‍ക്കാര്‍ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എന്‍ഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്.

author-image
Biju
New Update
thusar

ആലപ്പുഴ: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യ നീക്കത്തില്‍ പ്രതികരണവുമായി തുഷാര്‍ വെള്ളാപ്പള്ളി. എന്‍എസ്എസും എസ്എന്‍ഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്, ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എന്നത് കോണ്‍ഗ്രസിന്റെ ആരോപണം മാത്രമാണ്. 

തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ല എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വിഡി സതീശന് എതിരായ വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങളിലും തുഷാര്‍ പ്രതികരണം നടത്തി. സതീശനെ വ്യക്തിപരമായി ഉന്നംവെച്ചല്ല വിമര്‍ശനങ്ങളെന്നും സതീശന്റെ പ്രസ്താവനകള്‍ അനാവശ്യമാണ്. എസ്എന്‍ഡിപിയ്ക്കും എന്‍എസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളില്‍ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രം എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മുസ്ലീം ലീഗിനെതിരെയും തുഷാര്‍ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.  ഐക്യ നീക്കം യുഡിഎഫിന് എതിരെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് മുസ്ലിം ലീഗാണ്. എസ്എന്‍ഡിപിക്കും എന്‍എസ്എസിനും യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന നയമില്ല. മുസ്ലീം വിഭാഗത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. അവര്‍ സ്വയം മാറി നില്‍ക്കുന്നു എന്നും തുഷാര്‍ പറയുന്നു.

അതുപോലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും സംഘടനാകാര്യങ്ങളില്‍ ശ്രദ്ധ നല്‍കും. മത്സരിക്കാന്‍ ഇല്ലെന്ന് എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 35 സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തിരുവന്തപുരത്ത് ഉള്‍പ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എന്‍ഡിഎയില്‍ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണ്. എസ്എന്‍ഡിപി എല്‍ഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 

വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകള്‍ വ്യക്തിപരമാണ്. മൂന്നാംപിണറായി സര്‍ക്കാര്‍ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം.  സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എന്‍ഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്. എസ്എന്‍ഡിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലോ ചൂലോ അല്ല. എസ്എന്‍ഡിപിയും ബിഡിജെഎസും രണ്ടാണ് എന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.