മലപ്പുറം : പണം നൽകിയിട്ടും ടിക്കറ്റ് നൽകാതെ യാത്രക്കാരെ കബളിപ്പിച്ച 2 കണ്ടക്ടർമാരെ കെഎസ്ആർടിസിയുടെ തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് വിഭാഗം പിടികൂടി. ഇന്നലെ പുലർച്ചെ 5.15ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിലെ താൽക്കാലിക കണ്ടക്ടറെ രാവിലെ 6 മണിയോടെ വളാഞ്ചേരിയിൽ വച്ചാണ് പിടികൂടിയത്. ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട്–കുറ്റിപ്പുറം ഓർഡിനറി സർവിസിലെ കണ്ടക്ടറെ പാലക്കാട് കുമ്പിടിയിൽ നിന്നും പിടികൂടി. ഇരുവരെയും സർവിസിൽ നിന്ന് മാറ്റിനിർത്തി ബദൽ സംവിധാനം ഏർപ്പെടുത്തി. തുടർ നടപടികൾ പിന്നീടുണ്ടാകും.
പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ഓഫിസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സൂപ്പർഫാസ്റ്റിൽ ഒരു യാത്രക്കാരന്റെയും ഓർഡിനറിയിൽ 4 യാത്രക്കാരുടെയും പണം വാങ്ങിയ ശേഷമാണ് ടിക്കറ്റ് നൽകാതിരുന്നതെന്ന് കണ്ടെത്തി. സ്വിഫ്റ്റ് ജീവനക്കാരൻ മലപ്പുറം ഡിപ്പോയിൽ നിന്നും ഓർഡിനറിയിൽ സ്ഥിരം ജീവനക്കാരൻ പാലക്കാട് ഡിപ്പോയിൽ നിന്നുമാണ്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സംസ്ഥാന വിജിലൻസ് ഓഫിസർ അറിയിച്ചു.