/kalakaumudi/media/media_files/2026/02/26/satheeshu-2026-02-26-11-03-00.jpg)
തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആർടി സംഘത്തെ നിയോഗിച്ചു. അതാത് സ്ഥലങ്ങളിലെ ഡിവൈഎസ്പി മാർക്ക് സുരക്ഷ ചുമതല നൽകും. പരിപാടി നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്.ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി.
വീണാ ജോർജിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ഇന്നലെ സിപിഎം പ്രതിഷേധം നടത്തിയിരുന്നു. കോടിയേരിയിൽ ഇന്നലെ കോൺഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ആരോപണം. ഇന്നും എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രതിഷേധം തുടരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.വീണാ ജോർജിനു പരിക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കെ.എസ്.യു
പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്റെ വാഹനത്തിനു മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
