/kalakaumudi/media/media_files/2025/04/08/EUxclmMEZWTewEKAcRi6.jpg)
നിലമ്പൂര്‍: ചുങ്കത്തറയില്‍ നടന്ന നിലമ്പൂര്‍ നിയോജകമണ്ഡലം മുസ്ലീം ലീഗ് നേതൃയോഗത്തില്‍ മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് വെള്ളാപ്പള്ളി നടേശന് വാടകയില്ലാതെ താമസിക്കാന്‍ മലപ്പുറത്ത് വീടു നല്കാം എന്ന് അറിയിച്ചു. മുസ്‌ലിം മാനേജ്‌മെന്റുകളിലെ സ്ഥാപനങ്ങളിൽ 50 ശതമാനം വരെ അമുസ്‌ലിം ജീവനക്കാരെ കാണിച്ചു തരാമെന്നും എന്നാൽ വെള്ളാപ്പള്ളിയുടെ ഏതെങ്കിലും സ്ഥാപനത്തിൽ അഞ്ചു ശതമാനം മുസ്‌ലിങ്ങളെ കാണിച്ചു തരാൻ കഴിയുമോ ? എന്നീ ചോദ്യങ്ങള്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് ഉന്നയിച്ചു.
മലപ്പുറത്തെക്കുറിച്ചുളള വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയായാണ് അബ്ദുള്‍ ഹമീദ് ഇങ്ങനൊരു കാര്യം അറിയിച്ചത്.
മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചുവെന്നും അവരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. ഇതിനു പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.