/kalakaumudi/media/media_files/2025/09/08/kerala-2025-09-08-15-26-24.jpg)
ആഗോളതലത്തിൽ സപ്തംബർ 8, അതായത് ഇന്നത്തെ ദിവസം അന്താരാഷ്ട്ര സാക്ഷരതാദിനമായിട്ടാണ് ആഘോഷിക്കുന്നത്. സാക്ഷരതയുടെ പ്രാധാന്യം വിളിച്ചോതുന്നതിന് വേണ്ടിയാണ് സാക്ഷരതാ ദിനം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ആചരിക്കുന്നത്.വിദ്യാഭ്യാസം എന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശമാണ് എന്നത് ഊട്ടിയുറപ്പിക്കാനുള്ള യുനെസ്കോയുടെ ശ്രമങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് സപ്തംബർ എട്ട് സാക്ഷരതാ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും എഴുത്തും വായനയും അറിയാത്ത ഒരുപാട് ആളുകളുണ്ട് എന്നതിനാൽ തന്നെ ഈ ദിനത്തിന് ഇന്നും പ്രാധാന്യമുണ്ട്.അതുപോലെ, ഓരോ കാലത്തും പുതുപുതു ടെക്നോളജിയും മാറ്റങ്ങളും എല്ലാവർക്കും പ്രാപ്യമാവുക, ഉപയോഗിക്കാനുള്ള പരിശീലനം നേടുക എന്നതും സാക്ഷരതാ ദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.1965 -ൽ ടെഹ്‌റാനിൽ ലോക വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ നിരക്ഷരതാനിർമാർജ്ജനയജ്ഞം തുടങ്ങാനുള്ള ആഹ്വാനം ഉയർന്നു. പിന്നാലെയാണ്, 1966 ഒക്ടോബറിൽ നടന്ന 14 -ാമത് പൊതുസമ്മേളനത്തിൽ യുനെസ്കോ എല്ലാ വർഷവും സെപ്റ്റംബർ 8 -ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കാൻ തീരുമാനമെടുക്കുന്നത്.1967 സെപ്റ്റംബർ 8 -നായിരുന്നു ഉദ്ഘാടനം. ലോകമെമ്പാടും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനും എഴുത്തിനും വായനയ്ക്കുമുള്ള സ്ഥാനം ഉറപ്പിക്കുന്നതിനും സാക്ഷരതാദിനം വലിയ പ്രാധാന്യം തന്നെ വഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസം, ശാസ്ത്ര പുരോഗതി, സാംസ്കാരികതയുടെ കൈമാറ്റം എന്നിവയിലൂടെ സമാധാനം കെട്ടിപ്പടുക്കുക എന്നത് യുനെസ്കോയുടെ യുദ്ധാനന്തര ദൗത്യമായിരുന്നു. ഇതോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനവും കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് 'എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം' എന്നതിന്റെ അടിസ്ഥാനമായി സാക്ഷരതാ ദിനം മാറുകയായിരുന്നു.ഈ വർഷം യുനെസ്കോ 'ഡിജിറ്റൽ യുഗത്തിൽ സാക്ഷരത പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തിനാണ് സാക്ഷരതാ ദിനത്തിൽ പ്രാധാന്യം നൽകുന്നത്.