/kalakaumudi/media/media_files/2024/12/02/yqMoRKTl2Acf41XsrWya.jpg)
കൊച്ചി: ബുധനാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിൽ ജില്ലയിലെ നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ശക്തമായ കാറ്റുണ്ടായി.
പെരിയാറിലെ ജലനിരപ്പുയർന്നതോടെ കാലടി മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയാറ്റൂർ നീലീശ്വരം കൊറ്റമം കളമ്പാട്ടുപുരം മുക്കടായി തോട് കരകവിഞ്ഞു. തുറവുംകര, പുളിയാമ്പിള്ളി പാലങ്ങളിലും കുറ്റിലക്കരയിലെ 10 വീടുകളിലും വെള്ളം കയറി.
ഏലൂർ നഗരസഭയിലെ 26-ാം വാർഡിൽ മഞ്ഞുമ്മൽ - ചേരാനല്ലൂർ കടവ് പ്രദേശങ്ങൾ, ഹെഡ്ക്വാർട്ടേഴ്‌സ് വാർഡിൽ പള്ളിപ്പുറംചാൽ, വാർഡ് 31 ൽ മണലിപ്പള്ളം പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലായി.
കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ തോട് കരകവിഞ്ഞു കുത്തുകുഴി -അടിവാട് റോഡിലെ കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി. കുട്ടമ്പുഴയിൽ ഒരു വീടിന്റെ സംരക്ഷണഭിത്തി തകർന്ന് മറ്റ് രണ്ട് വീടുകളുടെ പിന്നിൽ പതിച്ചു. കോതമംഗലം പുഴയിലും കുരുർതോട്ടിലും ജലനിരപ്പ് ഉയർന്നു.
പറവൂർ പുത്തൻവേലിക്കരയിലെ വെള്ളോട്ടുപുറം, സ്റ്റേഷൻകടവ്, തുരുത്തിപ്പുറം, തെനപ്പുറം പ്രദേശങ്ങളിലെ ചിറ്റാറ്റുകര മാക്കനായി, താന്നിപ്പാടം, ചെറിയ പല്ലംതുരുത്ത്, പട്ടണം, ചേന്ദമംഗലം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഏഴിക്കരയിലെ പൊക്കാളിപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി.
മഞ്ഞല്ലൂർ മടക്കത്താനം വാണർക്കാവ് റോഡ്, കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്ത്, ബ്ലാവന കടത്ത്, തൃക്കരിയൂർ ഗ്രാമത്തിലെ ജവഹർ കോളനി, മുണ്ടുപാലം എന്നിവിടങ്ങളിൽ വെള്ളം കയറി.
നാല് ക്യാമ്പുകൾ
ജില്ലയിൽ ചെറിയകടവ് സെന്റ് ജോസഫ് പാരിഷ് ഹാൾ, കുറ്റിക്കാട്ടുക്കര ജി.യു.പി.എസ്, മൂവാറ്റുപ്പുഴ വാഴപ്പിള്ളി ജെ.ബി സ്‌കൂൾ, പറവൂർ കുന്നുകര ജി.യു.എൽ.പി.എസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്ക് 24 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
291 വീടുകൾക്ക് നാശം
മേയ് 24ന് ആരംഭിച്ച കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 291 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ ഏഴ് വീടുകൾ പൂർണമായും 284 വീടുകൾ ഭാഗികമായും നശിച്ചു. ഇന്നലെ കുന്നത്തുനാട് താലൂക്കിൽ ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു.
ജലനിരപ്പ് ഉയരുന്നു
ജില്ലയിലെ നദികളിലെ ജലനിരപ്പ്, വെള്ളപൊക്ക മുന്നറിയിപ്പ് നിലയും അപകടനിലയും പിന്നിട്ടു. ശക്തമായ മഴ തുടരുന്നതിന്നാലും മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നതിനാലും മൂവാറ്റുപുഴയാറിലേയും തൊടുപുഴയാറിലേയും ജലനിരപ്പ് അപകട നില പിന്നിട്ടു. പെരിയാറിൽ ആലുവ മാർത്താണ്ഡവർമ, കാലടി പോയിന്റുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞു. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്.