/kalakaumudi/media/media_files/pknPnlN21VqY1ZHiRk8N.jpg)
ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു.
ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിശ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ്. ഈ കേസിൽ പ്രതികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ഇരട്ട ജീവപര്യന്തം ശരി വയ്ക്കുകയുമായിരുന്നു.