/kalakaumudi/media/media_files/2025/01/09/sTa3NbEeCYSx7qx7clwu.jpg)
പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുൽസവം നടക്കും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി22ന് രാവിലെ 9.30 ന് കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ് പരമ്പരാഗത വിത്തുൽസവ പ്രദർശന സ്റ്റോൾ ഉദ്ഘാടനം ചെയ്യും. പതിനാലു ജില്ലകളിൽ നിന്നായി അൻപതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും.
വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് അദ്ധ്യക്ഷനാകും.ഫീഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ വിത്തുൽസവം ഉദ്ഘാടനം ചെയ്യും . 24 ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാൽ എം.പി, എം.എൽ.എ മാരായ 'ദലീമ, പി.പി. ചിത്തരഞ്ചൻ, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, ജന പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ, കർഷകർ എന്നിവർ പങ്കെടുക്കും. പത്മശ്രീ ജേതാക്കളായ ചെറുവയൽ രാമൻ, സത്യനാരായണ ബെലേരി എന്നിവർ മുഖ്യാതിഥികളായിരിക്കും.മൂന്ന് ദിവസങ്ങളിലായി കാർഷിക സാമുഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നസെമിനാറുകൾ രണ്ടു വേദികളിലായി നടക്കും.