/kalakaumudi/media/media_files/2025/08/16/amb-2025-08-16-12-18-47.jpg)
തൃശൂര്‍: ഗതാഗതക്കുരുക്കില്‍ സ്തംഭിച്ച് ദേശീയപാത. തൃശൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലാണ് വന്‍ഗതാഗതക്കുരുക്ക്. പുതുക്കാട്, ആമ്പല്ലൂര്‍ ഭാഗത്ത് മണിക്കൂറുകളായി വാഹനങ്ങളുടെ നീണ്ടനിരയാണ്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍പെട്ടു. ആമ്പല്ലൂരിലെ സര്‍വീസ് റോഡിലെ കാന നിര്‍മാണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ പുതുക്കാടിനും ആമ്പല്ലൂരിനും ഇടയിലുണ്ടായ ഗതാഗതക്കുരുക്കിലൂടെ ആംബുലന്‍സ് ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അപായശബ്ദം മുഴക്കി നീങ്ങിയതോടെ ഗതാഗതക്കുരുക്കില്‍പെട്ട മറ്റു വാഹന ഡ്രൈവര്‍മാര്‍ ഏറെ സഹകരിച്ചിട്ടും 10 മിനിറ്റിലേറെ സമയം എടുത്താണ് ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിട്ടത്.
പകല്‍ തൃശൂര്‍ ഭാഗത്തേക്കും ചാലക്കുടി ഭാഗത്തേക്കും ഗതാഗതക്കുരുക്കുണ്ടായിരുന്നു. മറ്റു വാഹനങ്ങള്‍ക്ക് അരമണിക്കൂര്‍ വരെ കാത്തുകിടക്കേണ്ടി വന്നു. ദേശീയപാത 544ല്‍ വളരെക്കുറച്ചു സ്ഥലത്തു മാത്രമേ ഗതാഗതക്കുരുക്കുള്ളൂ എന്നും ടോളിനടുത്ത് പ്രശ്‌നമേയില്ല എന്നുമാണു കഴിഞ്ഞ ദിവസം എന്‍എച്ച്എഐ സുപ്രീം കോടതിയില്‍ വാദിച്ചത്. ചിറങ്ങര മുതല്‍ വടക്കഞ്ചേരി വരെയുള്ള തൃശൂര്‍ ജില്ലയിലെ ദേശീയപാതയില്‍ മാസങ്ങളായി ജനം കുരുക്കുകാരണം ദുരിതം അനുഭവിക്കുകയാണ്.