സിപിഎമ്മുകാർക്കെതിരെ കേസെടുത്ത എസ്ഐമാർക്ക് സ്ഥലംമാറ്റം : പൊലീസ് ആസ്ഥാനത്തു വൻ അമർഷം

സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന്‍റെ പേരിൽ സ്ഥലം മാറ്റം കിട്ടിയത് തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക്. ടി.കെ.അഖിലിനും വി.വി.ദീപ്തിക്കും. ബുധനാഴ്ച ഇരുവർക്കും നൽകിയ യാത്രയയപ്പിൽ സേനയിലെ അമർഷം പരസ്യമായി

author-image
Rajesh T L
New Update
qpnana

കണ്ണൂർ : തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിൽ പ്രതിഷേധം പരസ്യമായി. ചെറുത്തുനിൽപ്പിന്‍റെ പോരാട്ടങ്ങളിൽ കരുത്തുകാട്ടിയവർക്ക് അഭിവാദ്യം എന്നെഴുതിയ ഉപഹാരമാണ് എസ്ഐമാരുടെ യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർ നൽകിയത്. കഴിഞ്ഞ മാസം മണോളിക്കാവിലെ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിനായിരുന്നു സിപിഎം പ്രവർത്തകർക്കെതിരെ കേസ്.

സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന്‍റെ പേരിൽ സ്ഥലം മാറ്റം കിട്ടിയത് തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക്. ടി.കെ.അഖിലിനും വി.വി.ദീപ്തിക്കും. ബുധനാഴ്ച ഇരുവർക്കും നൽകിയ യാത്രയയപ്പിൽ സേനയിലെ അമർഷം പരസ്യമായി. ഉപഹാരമായി നൽകിയ ഫലകത്തിലെ വരികളിൽ. ചെറുത്തുനിൽപ്പിന്‍റെ പോരാട്ടത്തിൽ കരുത്തുകാട്ടിയവർക്ക് സഹപ്രവർത്തകരുടെ സ്നേഹാഭിവാദ്യമെന്ന് എഴുതി, പ്രതിഷേധം. കളിച്ചാൽ തലശ്ശേരി  സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണി മുഴക്കിയവർക്കും അവർക്കൊപ്പം നിന്ന് തീരുമാനമെടുത്തവർക്കുമുളള മറുപടിയെന്ന് വ്യക്തം.

മണോളിക്കാവിൽ ഫെബ്രുവരി 19,20 തീയതികളിലുണ്ടായ സംഘർഷത്തിലാണ് എൺപതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്. പൊലീസിനെ ആക്രമിച്ചതിലും ,കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വാഹനത്തിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി കൊണ്ടുപോയതിനും. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കളിച്ചാൽ തലശ്ശേരിയിലുണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആർ.

സംഭവത്തിന് ഒരു മാസം തികയും മുമ്പേ എസ്ഐ അഖിലിനെ കൊളവല്ലൂരിലേക്കും ദീപ്തിയെ കണ്ണൂർ ടൗണിലേക്കും മാറ്റി. ക്രമസമാധാന മികവിന് മികച്ച സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ സ്റ്റേഷനിൽ നിന്ന്, ജോലി ചെയ്തതിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ മാറ്റിയതിൽ വലിയ വിമർശനം ഉയർന്നു.മുഖ്യമന്ത്രിയുടെ മറുപടി തേടി നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ അനുമതി തേടിയെങ്കിലും അനുവദിച്ചിരുന്നില്ല.

kerala kannur transfer Malayalam News police