മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കാൻ അനുവദിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. വാണിജ്യ കെട്ടിടങ്ങൾക്ക് മുന്നിലെ മരങ്ങൾ അകാരണമായി മുറിക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞിരാമന്റെ ഉത്തരവ്. കെട്ടിടങ്ങളുടെ സംരക്ഷണം, വാണിജ്യ ലക്ഷ്യങ്ങൾ എന്നിവ മുൻനിർത്തി അകാരണമായി മരങ്ങൾ മുറിച്ച് നീക്കുന്നത് പ്രകൃതിയുടെ കൂട്ടക്കൊലയായി കാണണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകയും കവിയുമായ സുഗതകുമാരിയുടെ വരികൾ ഉൾപ്പെടെ പരാമർശിച്ചാണ് കോടതിയുടെ ഉത്തരവ്. ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി എന്നു തുടങ്ങുന്ന കവിതയാണ് ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്. മരം മുറിക്കാൻ അനുമതി നൽകിയ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷമായ വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. റോഡരികിൽ നിൽക്കുന്ന മരങ്ങൾ സംരക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ കടമ, അത് നശിപ്പിക്കുകയല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ പാതയോരങ്ങളിലെ മരങ്ങൾ വാണിജ്യ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന കാരണത്താൽ മുറിച്ച് നീക്കം ചെയ്യാതിരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണം. മരങ്ങൾ നശിച്ച അവസ്ഥയിലാണെങ്കിൽ മാത്രമേ മുറിച്ചുമാറ്റാൻ കഴിയൂ. അത് ജനങ്ങളുടെ ജീവന് അപകടകരമാണെന്ന സാഹചര്യത്തിൽ മാത്രമായിരിക്കണം എന്നും ജസ്റ്റിസ് കുഞ്ഞിരാമൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.