തിരുവനന്തപുരം: ഗോത്ര സമുദായങ്ങളുടെ പല സംസ്‌കാരങ്ങളും അന്യം നിന്നു പോകുന്ന കാലത്ത് കൗമാരകലകളുടെ ഉത്സവമായ കലോത്സവത്തില്‍ ഗോത്ര കലകളെ കൂടി ഒരു മത്സരയിനമായി എത്തിയത് ഏറെ കൗതുകമായി. ഏറെ കാലങ്ങളായുള്ള ഒരു കൂട്ടം മനുഷ്യരുടെ വിശ്രമമില്ലാത്ത ശ്രമഫലമായാണ് ഇന്ന് കലോത്സവത്തില്‍ 5 ഗോത്ര കലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണിയ വിഭാഗക്കാരുടെ പണിയ നൃത്തം, ഇരുളവിഭാഗത്തിന്റെ ഇരുളാട്ടം, പളിയ വിഭാഗത്തിന്റെ പളിയ നൃത്തം, മലപുലയ വിഭാഗത്തിന്റെ മലയപുലയാട്ടം, മാവിലന്‍ വിഭാഗത്തിന്റെ മംഗലംകളി എന്നിവയാണ് തിരഞ്ഞെടുത്ത ഗോത്ര കലകള്‍. തലമുറകള്‍ മാറി വരുമ്പോള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഗോത്ര സമുദായങ്ങളുടെ സംസ്‌കാരങ്ങള്‍. അതില്‍ ഭാഷകളും, ആചാര- അനുഷ്ഠാനങ്ങളും, വസ്ത്രധാരണ രീതികളും വരെ ഉള്‍പ്പെടുന്നു. അതിനെ നിലനിര്‍ത്തണമെന്ന ചിലരുടെയെങ്കിലും വാശിയായി കലോത്സവത്തിലെ ഗോത്ര കലകളുടെ കടന്നുവരവിനെ കാണാവുന്നതാണ്. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ മംഗലം കളിയോട് കൂടിയായിരുന്നു ഗോത്ര കലകളുടെ തുടക്കം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ വസിക്കുന്ന മാവിലന്‍, മലവേട്ടുവന്‍ സമുദായക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു സംഗീത നൃത്ത കലാരൂപമാണ് മംഗലംകളി. വിവാഹാഘോഷച്ചടങ്ങുകളില്‍ കാണുന്ന സവിശേഷതയാര്‍ന്ന ഒരു കലാരൂപമാണിത്. സ്ത്രീപുരുഷന്മാര്‍ പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്ത് നൃത്തം വയ്ക്കുന്ന മംഗലം കളിയുടെ വാദ്യ സംഘത്തില്‍ പൊതുവേ പ്രധാനി തുടിയാണ്. പാണ് തുടിയുടെ ഈണത്തിനൊപ്പം പെരുന്തുടിയുടെ അകമ്പടിയും ചേര്‍ന്നപ്പോള്‍ കനകക്കുന്നിലെ നിശാഗാന്ധി ഓഡിറ്റോറിയത്തിലെ വേദി 15 കബനി നദിയില്‍ ആവേശതിമിര്‍പ്പ് തന്നെയായിരുന്നു. ആകെ 17 മത്സരാര്‍ത്ഥികളാണ് മംഗലംകളിക്കായി അണിനിരന്നത്.
'ഗോത്രപ്പെരുമ'യില്‍ മാവിലന്‍ സമുദായം
കാസര്‍കോട് നിന്നും മാവിലന്‍ വിഭാഗത്തിന്റെ മംഗലംകളിയെ 63-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് എത്തിച്ചത് കാസര്‍ഗോഡ് ജിഎച്ച്എസ് ബാനം സ്‌കൂളിലെ കുട്ടികളാണ്. അതിനായി അവരെ തയ്യാറാക്കിയത് ബാനം ഉന്നതിയിലെ മാവിലന്‍ സമുദായക്കാര്‍ തന്നെയാണ്. 2021 ലെ ഫോക്ലോര്‍ അവാര്‍ഡ് ജേതാവായ സുനിലും ഭാര്യ സുനിതയും കൃഷ്ണന്‍ ബാനവുമായിരുന്നു അതിന് പിന്നില്‍ അശ്രാന്തം പരിശ്രമിച്ചവര്‍. തങ്ങള്‍ വളര്‍ന്നുവന്ന സമൂഹത്തെയും മംഗലംകളിയെന്ന കലയെയും ഇന്ത്യയില്‍ പലസ്ഥലങ്ങളിലും ഇതിനോടകം ഇവര്‍ എത്തിച്ചു കഴിഞ്ഞു. അപ്പന്‍ അപ്പൂപ്പന്മാരുടെ തലമുറകളില്‍ നിന്നും പകര്‍ന്നുതന്ന ഊര്‍ജ്ജത്തോടെയാണ് അവരിന്നും ഈ കലയുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. മാവിലന്‍ സമുദായത്തില്‍തന്നെയുള്ള 40 ഓളം ആളുകളെ ഒരുമിപ്പിച്ച് ഇവര്‍ ജാര്‍ഖണ്ഡിലെ ഒരു കോണ്‍ക്ലെവിലും നിറസാന്നിധ്യമായിരുന്നു.