ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം;കാർ കണ്ടെത്തി

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഹര്‍ഷിദും സുഹൃത്തുക്കളും കുളിക്കാനായി പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് കാറെടുത്ത് പോയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരെന്ന് വീട്ടുകാര്‍ക്ക് അറിയില്ല.

author-image
Subi
New Update
today

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കാർ കണ്ടെത്തി. വയനാട് കണിയാമ്പറ്റയിലെ വീട്ടിലാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറത്ത് രജിസ്റ്റർ ചെയ്ത കാര്‍ വയനാട്ടിലെ കമ്പളക്കാടുള്ള മകളുടെ വീട്ടിലേക്ക് കൊടുത്തയച്ചതാണെന്നും മകളുടെ ഭര്‍ത്താവിന്റെ അനിയന്‍ ഹര്‍ഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്നും കമ്പളക്കാട് എസ്എച്ച്ഒ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഹര്‍ഷിദും സുഹൃത്തുക്കളും കുളിക്കാനായി പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് കാറെടുത്ത് പോയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ഹര്‍ഷിദിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മറ്റ് പ്രതികളെ തിരിച്ചറിയാനാവുവെന്ന് എസ്എച്ച് ഒ പറഞ്ഞു. രാത്രി വാഹനം വീട്ടില്‍ നിര്‍ത്തിയിട്ട ശേഷം ഹര്‍ഷിദ് പോയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഹര്‍ഷിദിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

 

രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്നയാളെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

car accident wayanad tourists tribal