/kalakaumudi/media/media_files/2025/08/26/atham-2025-08-26-07-44-40.jpg)
കൊച്ചി: ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും. അയല്‍പക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും.
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.