/kalakaumudi/media/media_files/2025/02/19/qqRjrHdjIYjLJsCC88Ko.jpg)
തൃശൂര്‍: തൃശൂര്‍ താമരവെള്ളച്ചാലില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. താമര വെള്ളച്ചാല്‍ സങ്കേതത്തിലെ പ്രഭാകരന്‍ എന്ന 60കാരനാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.താമരവെള്ളച്ചാല്‍ ആദിവാസി സങ്കേതത്തിലെ അന്തേവാസിയായ പ്രഭാകരനാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രഭാകരനും മകനും മരുമകനും കൂടി ഇന്ന് വെളുപ്പിനാണ് ഉള്‍ക്കാട്ടില്‍ പോയത്. അലക്കു സോപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചീനിക്കായ പെറുക്കാന്‍ പോയതായിരുന്നു. ചീനിക്കായ് വിറ്റ് ഉപജീവനം നടത്തുന്നവരാണ് താമര വെള്ളച്ചാല്‍ സങ്കേതത്തിലുള്ളവര്‍. ഉള്‍ക്കാട്ടില്‍ വെച്ച് അപ്രതീക്ഷിതമായി ആന ഇവര്‍ക്കുനേരെ വരികയായിരുന്നു. മരുമകനുനേരെയാണ് ആന ആദ്യം പാഞ്ഞടുത്തത്. മരുമകന്‍ ഓടി മാറിയതിനു പിന്നാലെ തിരിഞ്ഞ പ്രഭാകരനെ തട്ടിയിട്ടു. പ്രഭാകരനെ ആക്രമിക്കുന്ന കണ്ടുകൊണ്ടാണ് ഇരുവരും പുറത്തേയ്ക്ക് അലറിവിളിച്ച് ഓടിയത്. വീട്ടിലെത്തി വിവരം പറഞ്ഞു
അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം വീണ്ടെടുക്കാനായി കാട്ടിനുള്ളിലേക്ക് പോയി . പീച്ചി ഡാം റിസര്‍വയറില്‍ കിലോമീറ്ററോളം ബോട്ടില്‍ സഞ്ചരിച്ചു വേണം അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരാ. അവിടെ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് മാറിയാണ് മൃതദേഹം കിടന്നിരുന്നത്. വൈകിട്ടോടെ മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.