തൃശ്ശൂര്‍ പൂരം മുടങ്ങില്ല; ആക്ഷന്‍പ്ലാനുമായി മുഖ്യമന്ത്രി

മെയ് 6 നാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

author-image
Biju
New Update
SAF

തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി. പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങള്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു.

മെയ് 6 നാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം.  പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പൂരം എക്‌സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹം ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ  മുന്നോട്ടുവെച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കും.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പൂരം ദിവസങ്ങളില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എക്‌സ്‌പ്ലോസീവ് നടപടികളും സ്വീകരിക്കണം. 

ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പോലീസുമായി ചേര്‍ന്ന് ഒരുക്കണം. കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ത്യശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കും. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തും. 2024 ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പ്രകാരം നിബന്ധനകള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗികമായി ചെയ്യാവുന്നത് ജില്ലാ ഭരണകൂടം പൊലീസുമായി ചേര്‍ന്ന് പരിശോധിക്കും.

പൂരത്തോടനുബന്ധിച്ച മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകള്‍, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ  തൃശൂര്‍ കോര്‍പ്പറേഷന്‍ ഉറപ്പാക്കണം. നാട്ടാനകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സുപ്രീം കോടതിയുടെ 1.11.2018ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തിര നടപടി വനം വകുപ്പ് കൈക്കൊള്ളും.

പൂരത്തിന്റെ ശോഭ കെടാത്ത വിധത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും, ആനകളുടെ ഫിറ്റ്‌നസ്. വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ പോലീസും ജില്ലാ ഭരണ സംവിധാനവുമായി ചേര്‍ന്ന് കൈക്കൊള്ളണം. 

പൂരം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ആരോഗ്യരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജീവനക്കാര്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജീകരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമാക്കണം. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം തൃശ്ശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ക്കും അലര്‍ട്ട് മെസ്സേജ് നല്‍കുമ്പോള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദ്ദേശം നല്‍കണം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിന്‍കാട് മൈതാനത്തും അഗ്‌നിരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്‌നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് പൂരത്തിന് മുന്‍പ് മോക് ഡ്രില്‍ നടത്തി കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

വന്യു വകുപ്പ് മന്ത്രി കെ. രാജന്‍ , ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ , ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു , ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ , ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ , റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ , സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് , ഇന്റലിജന്‍സ് മേധാവി പി വിജയന്‍ , വനം വകുപ്പ് മേധാവി ഗംഗാ സിംഗ് , തൃശൂര്‍ എം എല്‍ എ പി. ബാലചന്ദ്രന്‍, തൃശൂര്‍  മേയര്‍ എം കെ വര്‍ഗ്ഗീസ് , ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ , സിറ്റി പോലീസ് കമ്മീഷണര്‍ , തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നീവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Thrissur Pooram CM Pinarayi viajan thrissur pooram controversy