എതിര്‍പ്പുമായി സിപിഐ

കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടിയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് ജയചന്ദ്രനെതിരെ നോട്ടീസ് നല്‍കിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കളക്ടറുടെ നടപടിയ്‌ക്കെതിരെ കെജിഎംഒഎ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയില്‍ ജയചന്ദ്രന്‍ വിമര്‍ശിച്ചത്.

author-image
Rajesh T L
New Update
kuzhu 2

traivandrum collecter

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സഹകരണ ബാങ്കും മാസപ്പടിയും ബസിലെ മെമ്മറി കാര്‍ഡുമൊക്കെക്കൂടിക്കുഴഞ്ഞ വിവാദങ്ങള്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് ശേഷം എത്തിയ കുഴിനഖ ചികിത്സയും ഇടതുമുന്നണിയില്‍ കല്ലുകടിയാകുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറുടെ അപക്വമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിഷയത്തില്‍ സിപിഐ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരിക്കുകയാണ്.

സിപിഎം നേതൃത്വത്തെ ഇക്കാര്യം സിപിഐ അറിയിച്ചിട്ടുണ്ട്. ഇതോടെ കുഴി നഖ ചികില്‍സാ വിവാദം തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു.

സിവില്‍ സര്‍വ്വീസിലെ ചില നെറികേടുകള്‍ക്കെതിരെയാണ് പോരാട്ടമനെന്നാണ് ജയചന്ദ്രന്‍ കല്ലിംഗല്‍ പറയുന്നത്. കളക്ടര്‍ക്കെതിരെ നിരവധി പരാതികളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും കസേര നല്‍കാതെ കളക്ടര്‍ നിര്‍ത്താറുണ്ടെന്നും കല്ലിങ്കല്‍ ആരോപിക്കുന്നു. എന്നാല്‍ വിഷയത്തില്‍ സിപിഎം പ്രതികരിക്കുക എങ്ങനെയാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആണ്. അവരുടെ ചുമതലയിലുള്ള കളക്ടറെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐക്ക് സാധിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യമായിരിക്കും സിപിഎഎം ഉയര്‍ത്തുകയെന്നാണ് സൂചന.

കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടിയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് ജയചന്ദ്രനെതിരെ നോട്ടീസ് നല്‍കിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കളക്ടറുടെ നടപടിയ്‌ക്കെതിരെ കെജിഎംഒഎ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയില്‍ ജയചന്ദ്രന്‍  വിമര്‍ശിച്ചത്.

റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ കൂടിയായ ജയചന്ദ്രന്‍ കല്ലിംഗലിന് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ കളക്ടറുടെ കുഴിനഖ ചികിത്സയെക്കുറിച്ച് നോട്ടീസില്‍ ഒരു വാക്ക് പോലും പരാമര്‍ശിച്ചിട്ടില്ല. വരണാധികാരി കൂടിയായ ജില്ലാ കളക്ടറെ വിമര്‍ശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. റവന്യൂ വകുപ്പ് മന്ത്രി സിപിഐയുടെ കെ രാജനാണ്. രാജനോട് പോലും ചോദിക്കാതെയാണ് ഈ നടപടി. ഇതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്നും, റവന്യുവകുപ്പിന്റെയാകെ പ്രതിച്ഛായക്ക് കളങ്കമേറ്റെന്നും കളക്ടറുടെ പരിശുദ്ധിയെ മോശം വാക്കുപയോഗിച്ച് കളങ്കപ്പെടുത്തിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

എന്നാല്‍ കളക്ടറുടെ വിഷയത്തില്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അതനുസരിച്ചാണ് പ്രതികരിച്ചതെന്നും ജയചന്ദ്രന്‍ കല്ലിംഗല്‍ പറയുന്നുണ്ട്. വ്യക്തിപരമായി കളക്ടറുടെ പേരെടുത്ത് ചര്‍ച്ചയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടര്‍ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ സംഭവം ബുധനാഴ്ചയാണ് പുറത്തറിയുന്നത്. കളക്ടറുടെ നടപടിയ്‌ക്കെതിരെ കെജിഎംഒഎ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക് പരാതിയും നല്‍കിയിരുന്നു.

 

trivandrum collector news