തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

ജില്ലയില്‍ ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് 'കൈ' ചിഹ്നം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു. വിഴിഞ്ഞം വാര്‍ഡിലെ ഔദ്യോഗിക കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ഖാനാണ്.

author-image
Biju
New Update
congress

തിരുവനന്തപുരം: നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റിബലായി മത്സരിക്കുന്ന ഏട്ട്   പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു.കഴക്കൂട്ടം വാര്‍ഡില്‍ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡില്‍ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡില്‍ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡില്‍ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരില്‍ ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡില്‍ ഷിജിന്‍, ജഗതിയില്‍ സുധി വിജയന്‍ എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.

ജില്ലയില്‍ ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് 'കൈ' ചിഹ്നം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു. വിഴിഞ്ഞം വാര്‍ഡിലെ ഔദ്യോഗിക കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ഖാനാണ്. 

ഡമ്മിയായി നോമിനേഷന്‍ നല്‍കിയ വ്യക്തി നോമിനേഷനില്‍ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഡിക്ലറേഷന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കുന്ന സ്ഥാനാര്‍ത്ഥിക്കുമാത്രമേ കൈ ചിഹ്നം അനുവദിക്കുകയുള്ളൂ. വിഴിഞ്ഞം വാര്‍ഡില്‍ ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ചത് കെ.എച്ച്.സുധീര്‍ഖാനാണ്. 

ഡമ്മി സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഡിക്ലറേഷന്‍ ഡി.സി.സി പ്രസിഡന്റ് നല്‍കിയിട്ടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച അവര്‍ തിരുത്തണമെന്നും വിഴിഞ്ഞം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ഖാനാണെന്നും എന്‍.ശക്തന്‍ വ്യക്തമാക്കി