/kalakaumudi/media/media_files/2025/04/02/rYdUXsIEtVyYjxBaPqpk.jpg)
തിരുവനന്തപുരം: ഇന്നും നാളെയും ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങളില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയതായി നഗരസഭ. സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ കേരള വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ 50 വാട്ടര്‍ ടാങ്കുകള്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും, 20 വാട്ടര്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുമുണ്ട്. കൂടാതെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പണം അടച്ച് വെള്ളം ബുക്ക് ചെയ്യാവുന്നതാണ്. 2,000 ലിറ്റര്‍ മുതല്‍ വെള്ളം ഇതില്‍ ലഭ്യമാണ്.
നഗരത്തിലെ 56 വാര്‍ഡുകളിലാണ് നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങുന്നത്. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്റെ അലൈന്‍മെന്റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിലാണ് വെള്ളം മുടങ്ങുന്നത്. അരുവിക്കരയിലെ 74 എം.എല്‍.ഡി ശുദ്ധീകരണ ശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും. ഇതോടെയാണ് കോര്‍പറേഷനിലെ 56 വാര്‍ഡുകളിലേയും സമീപ പഞ്ചായത്തായ കല്ലിയൂരിലേയും ജലവിതരണം മുടങ്ങുന്നത്. കാഞ്ഞിരംപാറ മുതല്‍ തിരുവല്ലം വരെയുള്ള വാര്‍ഡുകളിലാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്.
ബന്ധപ്പെടാന്‍:
വാട്ടര്‍ അതോറിറ്റി: 1916
നഗരസഭ: 9496434488
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
