/kalakaumudi/media/media_files/2025/03/27/ZeOxWe1pPEJE0Aba7hYq.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
സംഘത്തിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തു. ആഴ്ചകള്‍ക്ക് മുമ്പ് കുമാരപുരം ജംഗ്ഷനില്‍ വലിയതോതിലുള്ള കഞ്ചാവ് ശേഖരവുമായി ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
യുവാവിന്റെ തലയ്ക്കും നെഞ്ചിനും കുത്തേറ്റിട്ടുണ്ട്. പ്രദേശത്തെ പ്രാദേശീയ സിഐടിയു യൂണിയന്‍ നേതാവിന്റെ സഹോദരനാണ് കുത്തേറ്റ പ്രവീണ്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കുമാരപുരത്ത് പ്രകടനം നടത്തി. മേഖലയിലെ അക്രമപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.പൊലീസ് പരിശോധന തുടരുകയാണ്.
മേഖലയല്‍ സാമൂഹ്യ വിരുദ്ധര്‍ അടക്കമുള്ളവരുടെ ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നതാണ്. സമീപത്തെ ബാറില്‍ നിന്നും മറ്റും കൂട്ടമായി മദ്യപിച്ചെത്തി റോഡിലിറങ്ങി നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ശല്യമുണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ് ഇവിടെ. യാത്രക്കാരെ ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവും പതിവാണ്. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം തട്ടിപ്പറിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
പൊലീസ് പരിശോധന മേഖലയില്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രി സമയത്ത് കുമാരപുരം ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പേരിനൊന്നോണം ഒരു പൊലീസ് വാഹനം എത്തുകയും അല്‍പ്പം കഴിഞ്ഞ് അത് മടങ്ങിപ്പോകുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.