തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധിയെന്ന് ഡോ. ഹാരിസ്

ഉപകരണങ്ങള്‍ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്ന് പറഞ്ഞ ഡോ. ഹാരീസ്, മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നും പ്രതികരിച്ചു

author-image
Biju
New Update
tvmhdg

തിരുവനന്തപുരം: ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് പ്രതികരിച്ച യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കല്‍, തന്നെ പിരിച്ചുവിട്ടോട്ടെയെന്ന് വ്യക്തമാക്കി ഫെയ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. എന്നാല്‍ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും ആരോഗ്യ വകുപ്പ് പ്രതികരിച്ചു.

ഉപകരണങ്ങള്‍ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്ന് പറഞ്ഞ ഡോ. ഹാരീസ്, മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നും പ്രതികരിച്ചു. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. 'ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ ഞാനില്ല. പിരിച്ചു വിട്ടോട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ദുരനുഭവത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇത് പിന്‍വലിച്ചു.

വാദം തള്ളി ആരോഗ്യവകുപ്പ് രംഗത്ത് എത്തി. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികമാണെന്നും ഒറ്റ ദിവസം മാത്രമാണ് ശാസ്ത്രക്രിയയില്‍ പ്രശ്‌നമുണ്ടായതെന്നും വകുപ്പ് മേധാവികള്‍ പറയുന്നു. യൂറോളജി വിഭാഗം മേധാവിയോട് വിശദീകരണം ചോദിക്കാമെന്നും സാങ്കേതിക തടസത്തെ വൈകാരികമായി കണ്ടെന്നുമാണ് ഡോക്ടറുടെ ആരോപണങ്ങളോടുള്ള ആരോഗ്യ വകുപ്പ് അധികൃതരുടെ മറുപടി.

 

trivandrum medical college