തിരുവനന്തപുരം: തലസ്ഥാന മെട്രോ റെയിലിന്റെ അലൈൻമെന്റ് വീണ്ടും മാറ്റാൻ സർക്കാർ നിർദേശം. നിലവിലുള്ളതിൽ നിന്ന് റൂട്ട് വെട്ടിച്ചുരുക്കാൻ നീക്കം. തിരക്കേറിയ കഴക്കൂട്ടം ജങ്ഷനുസമീപത്തു നിന്ന് മെട്രോ തുടങ്ങുന്നത് പരിശോധിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയത്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം പള്ളിപ്പുറം ടെക്‌നോസിറ്റിക്കു സമീപത്താണ് മെട്രോയുടെ ടെർമിനൽ നിർമിക്കേണ്ടത്. എന്നാൽ, കഴക്കൂട്ടം ടെക്‌നോപാർക്കിനുസമീപം മെട്രോ ടെർമിനലും ഷണ്ടിങ് യാഡും നിർമിക്കുന്ന തരത്തിൽ അലൈൻമെന്റ് പുതുക്കാനാണ് ഗതാഗതവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ടെക്‌നോപാർക്കിനു സമീപം ഇതിനുവേണ്ട സ്ഥലം കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അതേസമയം, പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കും ബയോപാർക്കിനും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപത്തായിരുന്നു പഴയ ടെർമിനലിന് സ്ഥലം കണ്ടെത്തിയത്. നഗരത്തിലെ തിരക്കിലേക്കു കടക്കാതെതന്നെ മെട്രോയിൽ സഞ്ചരിക്കാവുന്ന തരത്തിലായിരുന്നു അലൈൻമെന്റ്. ഇത് അട്ടിമറിക്കുന്നതോടെ മെട്രോയുടെ പ്രസക്തി നഷ്ടപ്പെടുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ടെക്‌നോനഗരമായ കഴക്കൂട്ടത്ത് പ്രധാന ടെർമിനൽ വരുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാവും.
മെട്രോ റെയിലിന്റെ ഒന്നാംഘട്ടം ടെക്‌നോപാർക്കു മുതൽ പുത്തരിക്കണ്ടം മൈതാനം വരെയാക്കാനാണ് നിർദേശം. രണ്ടുമാസത്തിനുള്ളിൽ പുതിയ റൂട്ടിന്റെ സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കെ.എം.ആർ.എലിനെ ചുമതലപ്പെടുത്തിയത്.
പള്ളിപ്പുറംമുതൽ കഴക്കൂട്ടംവരെ മെട്രോ ലൈൻ കടന്നുപോകേണ്ടത് ദേശീയപാതയിലൂടെയാണ്. ഇതിൽ അഞ്ചുകിലോമീറ്ററോളം എലവേറ്റഡ് പാതയായതിനാൽ ഉയരത്തിൽ തൂണുകൾ നിർമിക്കേണ്ടിവരും. മെട്രോ തുടങ്ങുന്നതിനു മുമ്പുതന്നെ ദേശീയപാത ആറുവരിയാക്കുന്ന ജോലികൾ പൂർത്തിയാകും. ഉടൻ റോഡ് കുഴിച്ച് തൂണുകൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി അനുമതിനൽകാൻ സാധ്യതയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ അലൈൻമെന്റിന് നിർദേശിച്ചിട്ടുള്ളത്.
കിള്ളിപ്പാലംമുതൽ നെയ്യാറ്റിൻകരവരെയാണ് മെട്രോയുടെ രണ്ടാംഘട്ടമായി പരിഗണിച്ചിരുന്നത്. ഇതിനുപകരം പാളയത്തുനിന്ന് കുടപ്പനക്കുന്നുവരെയുള്ള സാധ്യതകൾ പരിശോധിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നഗരത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന റൂട്ട് മാറ്റി ആലോചിക്കുന്നതും അശാസ്ത്രീയമാണെന്ന പരാതികളും ഉയർന്നിട്ടുണ്ട്. റൂട്ടുകൾ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്നത് മെട്രോയുടെ നിർമാണം അനന്തമായി നീട്ടുമെന്നും ആരോപണമുണ്ട്.