/kalakaumudi/media/media_files/2025/01/22/sznljo47ur3lYENGuIzt.jpg)
Sfi Flag
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിക്ക് എസ്എഫ്‌ഐ മര്‍ദനം. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അബ്ദുല്ലയെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദനമെന്നാണ് ആരോപണം.
രക്തദാനവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. രക്തദാനം നടത്തണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ താന്‍ രണ്ടുമാസം മുമ്പ് രക്തദാനം നടത്തിയതാണെന്ന് അബ്ദുല്ല പറഞ്ഞിരുന്നു. ഇതു പറഞ്ഞപ്പോള്‍ എസ്എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അബ്ദുല്ല പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പഴ്‌സനും പോലീസ് സ്റ്റേഷനില്‍ എത്തി തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് പരാതി നല്‍കി. രണ്ട് പരാതിയിലും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ ഭിന്നശേഷി വിദ്യാര്‍ഥിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് അനസിനാണ് അന്ന് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദനമേറ്റത്.
പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിനു സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദിച്ചുവെന്നും ആയിരുന്നു മുഹമ്മദ് അനസിന്റെ പരാതി.