/kalakaumudi/media/media_files/2025/05/04/K8Qs2ElgbjcOnM979di8.png)
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയുടെ പ്രസിഡന്‍റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും.
കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലും ലോകത്തും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തേത്തുടർന്ന് ഉണ്ടായിരിക്കുന്ന ഗുരുതരമായ സാഹചര്യത്തിൽ, ഭീകരവാദികളുടെ അതിക്രമത്തിനെതിരായി രാജ്യം ഒറ്റക്കെട്ടായ സമീപനമാണ് എടുത്തത്.
എന്നാൽ, ഭീകരവാദത്തിനെതിരായി രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾതന്നെ സമൂഹത്തിൽ ഇതിനെ വർഗീയമായി ദുരുപയോഗപ്പെടുത്താനുള്ള ചില ശക്തികളും ഉയർന്നു വരുന്നുണ്ട്. ഇതിനെതിരേ ജാഗ്രത പാലിക്കണം. ഇന്ത്യയിലെ ജനങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ സാധിക്കുമെന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ തെളിയിച്ചു. ഈ അന്തരീക്ഷം ഇന്ത്യയിൽ നിലനിർത്താൻ സാധിക്കണം. ഇക്കാര്യം പിബി ചർച്ച ചെയ്തെന്നും എം.എ. ബേബി പറഞ്ഞു.