തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

author-image
Biju
New Update
ht

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നെയ്യാറ്റിന്‍കര പൊലീസാണ് സ്വമേധയാ കേസെടുത്തത്. 

വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

നെയ്യാറ്റിന്‍കരയില്‍ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനത്തിനെത്തിയ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വന്‍ പ്രതിഷേധം  ഉയര്‍ന്നതിന് പിന്നാലെയാണ് കേസെടുത്തത്. തലച്ചോറും നാവും  അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ ശ്രമം രാജ്യത്തെ താ്‌ഴത്തി കെട്ടാനാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വിമര്‍ശിച്ചത്.

നെയ്യാറ്റിന്‍കരയില്‍ പരിപാടി സംഘടിപ്പിച്ച ഗാന്ധി മിത്ര മണ്ഡലത്തെ പേപ്പര്‍ സംഘടനയെന്നും ആക്ഷേപിച്ചു. അതേസമയം ആര്‍എസ്എസ് വിഷം പരത്തുന്ന സംഘടനയെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് മാന്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തി.  തുഷാര്‍ ഗാന്ധിയെ തടഞ്ഞതില്‍ ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച്  സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. പേപ്പര്‍ സംഘടനയെന്ന് ആക്ഷേപിച്ച ബിജെപി നേതാവിനെതിരെ ഗാന്ധി മിത്ര മണ്ഡലും രംഗത്ത് വന്നു.

kerala police