മണിയന്‍പിള്ള രാജുവിനെതിരെ 3 കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍

ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്

author-image
Biju
New Update
MNIYAN 4

തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്കു പറ്റിയ സംഭവത്തിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്.  മണിയന്‍പിള്ള രാജുവിനെതിരെ 3 കുറ്റങ്ങളാണു എഫ്‌ഐആറിലുള്ളത്.  ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. 

പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താന്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നു മൊഴി നല്‍കാനായി മ്യൂസിയും പൊലീസ് സ്റ്റേഷനില്‍ എത്തിയ മണിയന്‍പിള്ള രാജു പറഞ്ഞു. തന്റെ കാറില്‍ വന്ന് ബൈക്ക് ഇടിക്കുകയായിരുന്നു. താനൊരു കാന്‍സര്‍ രോഗിയാണ്. ഇടയ്ക്ക് ചിക്കുന്‍ ഗുനിയയും പിടിപ്പെട്ടിരുന്നു. രാത്രി പൊലീസ് സ്റ്റേഷനില്‍ വരാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. രാത്രി വീട്ടില്‍ ഭാര്യ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. 

നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു മുന്നില്‍ വച്ചായിരുന്നു അപകടം. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

സുധീര്‍കുമാര്‍ രാജു എന്നാണ് കാറിന്റെ ആര്‍സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നല്‍കിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയന്‍ പിള്ള രാജു ഇന്ന് രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. 

അപകടത്തിനു പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തന്റെ കാറിന്റെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ പേടി കാരണമാണു വാഹനം നിര്‍ത്താത്തതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.