മണിയന്‍പിള്ള രാജുവിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു; ജാമ്യംനല്‍കി വിട്ടു

മ്യൂസിയം പൊലീസിനെ വെട്ടിലാക്കുന്ന പ്രതികരണമാണു കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാവിലെ വന്നാല്‍ മതിയെന്നു പറഞ്ഞുവെന്നുമാണു രാജു മാധ്യമങ്ങളോടു പ്രതികരിച്ചത്

author-image
Biju
New Update
maniyan 3

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്കു ഗുരുതരമായി പരുക്കേറ്റ കേസില്‍, വാഹനം ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നടനെ വിട്ടയച്ചതിനു പിന്നാലെ ഇന്നലെ രാത്രി അപകടത്തിനിടയാക്കിയ കാര്‍ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തിനു ശേഷം ടെന്നിസ് ക്ലബിന്റെ ഭാഗത്തേക്കാണു മണിയന്‍പിള്ള രാജു പോയത്. അവിടെനിന്ന് പിന്നീട് വീട്ടിലേക്കു പോകുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ബമ്പര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ഇളകി പോയിട്ടുണ്ട്. കെഎല്‍ 01സിജെ 0004 നമ്പരുള്ള വോള്‍വോ കാറാണ് അപകടത്തിനിടയാക്കിയത്.

മ്യൂസിയം പൊലീസിനെ വെട്ടിലാക്കുന്ന പ്രതികരണമാണു കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാവിലെ വന്നാല്‍ മതിയെന്നു പറഞ്ഞുവെന്നുമാണു രാജു മാധ്യമങ്ങളോടു പ്രതികരിച്ചത്. രാത്രി ഒന്‍പതരയോടെയാണ് അപകടം ഉണ്ടായത്. രാത്രി തന്നെ വിവരം അറിഞ്ഞിട്ടും മണിയന്‍പിള്ള രാജുവിന്റെ വൈദ്യപരിശോധന നടത്താനോ അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയില്‍ എടുക്കാനോ പൊലീസ് തയാറായില്ല. പന്ത്രണ്ടു മണിക്കൂറിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത്.

ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, ഇടിച്ചിട്ടു വാഹനം നിര്‍ത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെ 3 കുറ്റങ്ങളാണ് എഫ്‌ഐആറില്‍ മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയത്. ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകുമെന്നും ഇന്നു രാവിലെ മ്യൂസിയം സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ മണിയന്‍പിള്ള രാജു പറഞ്ഞു. 

''അപകടം ഉണ്ടായപ്പോള്‍ ഭയന്നുപോയി. ഞാന്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്നതല്ല. വേഗത്തില്‍ ബൈക്ക് എന്റെ വണ്ടിയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഞാന്‍ മദ്യപിച്ചിരുന്നില്ല. ട്രിവാന്‍ഡം ക്ലബിന്റെ മുന്നില്‍നിന്ന് പതുക്കെയാണ് ക്രോസ് ചെയ്തത്. അപ്പോള്‍ എന്തോ ഒരു ശബ്ദം കേട്ടു. ബൈക്കിടിച്ച് രണ്ടു പേര്‍ വീഴുന്നതു കണ്ടു. ആക്സിഡന്റ് ആണെന്നു മനസ്സിലായി. പരിഭ്രാന്തനായി സുബ്രഹ്മണ്യം ഹാളിലുളള സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. ആംബുലന്‍സ് അറേഞ്ച് ചെയ്യണം, എനിക്ക് ഇറങ്ങാന്‍ വയ്യെന്നും പറഞ്ഞു. പിന്നെ സ്റ്റേഷനില്‍ വിളിച്ച്, വയ്യാത്ത ആളാണ് രാവിലെ എത്തിക്കോളാമെന്നു പറഞ്ഞു. ഞാനാണ് കാര്‍ ഓടിച്ചിരുന്നത്. കാന്‍സര്‍ രോഗിയാണ്. ഇപ്പോള്‍ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. വീട്ടില്‍ ഭാര്യ ഒറ്റയ്ക്കാണ്. അതുകൊണ്ടാണ് പോയത്. അത് എന്റെ തെറ്റായിരിക്കും''  മണിയന്‍ പിള്ള രാജു പറഞ്ഞു.