ഉന്നത വിദ്യാഭ്യാസ മേഖലയിൽ രണ്ട് മികവിന്റെ കേന്ദ്രങ്ങൾ: ഉദ്ഘാടനം 30ന്

ഉന്നതവിദ്യാഭ്യാസ രംഗത്ത് ആവിഷ്‌ക്കരിക്കുന്ന വിവിധ പദ്ധതികളെപ്പറ്റി ആവശ്യമായ ഗവേഷണം നടത്തുകവഴി ഈ മേഖലയിലെ നയനിർമ്മാതാക്കൾക്കും കേന്ദ്രം സഹായകമാവുമെന്ന് മന്ത്രി അറിയിച്ചു.

author-image
Prana
New Update
r bindu

ഗവേഷണങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി  രണ്ട് മികവിന്റെ കേന്ദ്രങ്ങൾക്ക് ജനുവരി 30 ന് തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള  നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷനും സെന്റർ ഓഫ് എക്സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനമായ ശാസ്ത്ര സാങ്കേതിക മ്യൂസിയം സമുച്ചയത്തിൽ 3 മണിക്ക് ഉദ്ഘാടനം ചെയ്യും.രണ്ടു കേന്ദ്രങ്ങളുടെയും സെമിനാർ ഹാൾ അടക്കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഇതോടെ നിലവിൽ വരും. ഈ മികവിന്റെ കേന്ദ്രങ്ങൾക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേഖലാ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും. സംസ്ഥാനത്തെ  കോളേജുകൾക്കും  സർവ്വകലാശാല  കേന്ദ്രങ്ങൾക്കും കൂടുതൽ ഗവേഷണ സൗകര്യങ്ങൾ  ലഭ്യമാക്കാൻ 'കേരള നെറ്റ്  വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷൻ' മികവിന്റെ  കേന്ദ്രത്തിന് മൂന്ന് റീജിയണൽ  സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലാബുകൾ സ്ഥാപിക്കും.  ഒരു മേഖലാ കേന്ദ്രം ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യും.

കേരള സർവ്വകലാശാലാ പരിധിയിലെയും ഒപ്പംതന്നെ സംസ്ഥാനത്തെ ഗവേഷകർക്കാകെയും ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ട സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്ന നിലയിലാകും മേഖലാ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ  ആൻഡ് റിസർച്ച് ലാബുകളുടെ പ്രവർത്തനം. ഇതിനായി നിലവിൽ സർക്കാർ  വനിതാ കോളേജിൽ  സെൻട്രലൈസ്ഡ് കോമൺ ഫെസിലിറ്റിയുടെ ഭാഗമായ ആധുനിക ഗവേഷണ സൗകര്യങ്ങൾ റിസർച്ച് നെറ്റ്‌വർക്ക്‌ സപ്പോർട്ട് സെന്ററുമായി ലിങ്ക് ചെയ്ത് സംസ്ഥാനത്തെ മുഴുവൻ ഗവേഷകർക്കും  ഉപയോഗപ്രദമാക്കുന്ന രീതിയിൽ സജ്ജീകരിക്കും.  സൗകര്യങ്ങൾ പരിപാലിക്കുന്നതിനുള്ള സഹായങ്ങൾ കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ വഴി നൽകും. ഈ മേഖലാകേന്ദ്രത്തിന്റെ ധാരണാപത്രം  ഉദ്ഘാടനച്ചടങ്ങിൽ ഒപ്പുവെയ്ക്കും. കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലാണ് മറ്റൊരു ഉപകേന്ദ്രം ആരംഭിക്കാൻ ധാരണയായിട്ടുള്ളത്. സംസ്ഥാനത്തെ  വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും  ഗവേഷക വിദ്യാർത്ഥികൾക്കും നെറ്റ്‌വർക്കിംഗ്/ക്ലസ്റ്റർ മോഡ് വഴി ഒപ്റ്റിമൽ സ്റ്റേറ്റ് ലെവൽ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ നൽകുന്നതിനാണ് കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ മികവിന്റെ കേന്ദ്രം മുൻഗണന നൽകുക. ഈ നെറ്റ് വർക്കിൽ ചേരുന്ന സ്ഥാപനങ്ങളിലെ  ഫാക്കൽറ്റി, ഗവേഷകർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരുടെ ഗവേഷണാവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള എല്ലാ കാര്യങ്ങളും പ്രൊഫഷണലായി  കൈകാര്യം ചെയ്യും.ഗവേഷണ സഹകരണം  പ്രോത്സാഹിപ്പിക്കുക, ഗവേഷണ പശ്ചാത്തലസൗകര്യം വികസിപ്പിക്കുക, പേറ്റന്റ് നേടിയെടുക്കാൻ സഹായം നൽകുക, ഗവേഷണ-വ്യവസായ സംയോജനം സുഗമമാക്കുക, ഗവേഷകർക്ക് ഗവേഷണ ധനസഹായം നേടിയെടുക്കാൻ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. സംസ്ഥാനത്തെ വിവിധ ഗവേഷണ സൗകര്യങ്ങളുടെ കേന്ദ്ര ശൃംഖല ഇതുവഴി സ്ഥാപിക്കും. മറ്റു അക്കാദമിക് സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ദേശീയ ലബോറട്ടറികൾ, സ്റ്റാർട്ടപ്പുകൾ, നിർമ്മാണ, എഞ്ചിനീയറിംഗ് വ്യവസായങ്ങൾ, എസ്എംഇകൾ, ആർ & ഡി ലാബുകൾ/ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾക്കു  ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്താൻ  വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേന്ദ്രം നൽകും. സർക്കാർ ഗ്രാന്റ്, സിഎസ്ആർ സംഭാവന, വ്യവസായ പദ്ധതികൾ, ജീവകാരുണ്യ ഫണ്ടിംഗ് എന്നിവയിലൂടെ കോർപ്പസ് ഗവേഷണ ഫണ്ടുകൾ സമാഹരിക്കാനും കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ  മുൻകൈയെടുക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി രൂപകല്പന, സിലബസ് തയ്യാറാക്കൽ, മൂല്യനിർണ്ണയ തന്ത്രങ്ങൾ, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധന രീതികൾ തുടങ്ങിയവയിൽ അധ്യാപകർക്ക് നിരന്തരമായ പരിശീലനം നൽകലിനും ഈ മേഖലയിൽ ഗവേഷണം നടത്തി ഏറ്റവും ആധുനികമായ അറിവുകൾ ഉൽപാദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും സെന്റർ ഓഫ് എക്സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ്. എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേറ്റർമാർക്കും വിദ്യാർത്ഥികൾക്കും നേതൃ പരിശീലനം നൽകുന്നതിനും കേന്ദ്രം ഉപയോഗിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആവിഷ്‌ക്കരിക്കുന്ന വിവിധ പദ്ധതികളെപ്പറ്റി ആവശ്യമായ ഗവേഷണം നടത്തുകവഴി ഈ മേഖലയിലെ നയനിർമ്മാതാക്കൾക്കും കേന്ദ്രം സഹായകമാവുമെന്ന് മന്ത്രി അറിയിച്ചു.

education