പ്രതീകാത്മക ചിത്രം
കൊച്ചി: ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ മരിച്ചു. മേഘ, ജ്വാല ലക്ഷ്മി എന്നിവരാണ് മരിച്ചത്. വടക്കൻപറവൂർ കോഴിതുരുത്ത് മണൽബണ്ടിന് സമീപമാണ് ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികളിൽ മൂന്ന് പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി.
കക്ക വാരാനായി കരയിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് നീങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം. ആഴമുള്ള ഭാഗത്ത് ഇവർ ചുഴിയിൽ അകപെപടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി ബന്ധുവീട്ടിലെത്തിയതായിരുന്നു ഇവർ.
ചാലക്കുടി പുഴയുടെ കൈവഴിയിൽ പെൺകുട്ടികൾ കുളിക്കാൻ ഇറങ്ങിയ സമയത്ത് വലിയ വെള്ളം ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.